നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു; കേവല ഭൂരിപക്ഷം കടന്നു
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് കേവലഭൂരിപക്ഷം പിന്നിട്ടു. പ്യാരേ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വർ സിങ് തുടങ്ങിയവരാണ് ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചംബ്, സുരാൻകോട്ടെ, ബാനി തുടങ്ങിയ സീറ്റുകളിൽ നിന്നാണ് ഇവർ വിജയിച്ചത്.
ഇതോടെ നാഷണൽ കോൺഫറൻസിന് ഇപ്പോൾ 46 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് പേർ ഉൾപ്പെടുന്നില്ല. ഇതോടെ കോൺഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ നാഷണൽ കോൺഫറൻസിന് ജമ്മുകശ്മീർ ഭരിക്കാനാവും.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന് 42 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് ആറ് സീറ്റിൽ മാത്രം വിജയിക്കാനാണ് സാധിച്ചത്. ബി.ജെ.പിക്ക് 29 സീറ്റിൽ വിജയിക്കാൻ സാധിച്ചു. മൂന്ന് സ്വതന്ത്ര്യരുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗബലം 32 ആയി ഉയരും.
നേരത്തെ ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പാസാക്കുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയാലുടൻ പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ സമ്മർദമില്ലാതെ ജമ്മുകശ്മീരിൽ നല്ല രീതിയിൽ ഭരണം നിർവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.