അസമിൽ മണ്ണിടിച്ചിലിൽ 4 മരണം
text_fieldsഗുവാഹത്തി: അസമിൽ ഗുവാഹത്തിയിലെ ബോറഗാവിനടുത്തുള്ള നിസാർപൂരിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. മരിച്ചവരെല്ലാം കെട്ടിട നിർമാണ തൊഴിലാളികളാണ്. മണ്ണിടിച്ചിലിൽ പെട്ട വീട്ടിൽ നാല് തൊഴിലാളികളാണ് താമസിക്കുന്നതെന്നും രാത്രി ഉറങ്ങി കിടക്കുന്നതിനിടെ അപകടമുണ്ടായത് അവർ അറിഞ്ഞുകാണില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. രക്ഷാസംഘം സ്ഥലത്തെത്തി ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ മരിച്ച നാലിൽ മൂന്ന് പേർ ധുബ്രി സ്വദേശികളും ഒരാൾ കൊക്രജാർ സ്വദേശിയുമാണ്. നാല് പേരും വാടക വീടെടുത്ത് കെട്ടിട നിർമാണ ജോലികളിൽ ഏർപ്പെട്ട് വരികയായിരുന്നെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ നന്ദിനി കകാട്ടി പറഞ്ഞു.
തിങ്കളാഴ്ച രാത്രി മുതൽ അസമിൽ കനത്ത മഴ തുടരുകയാണ്. ഗുവാഹത്തിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുവാഹത്തി റെയിൽവേ സ്റ്റേഷന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടരുന്നതിനാൽ ഗുവാഹത്തിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അസം സർക്കാർ നിർദേശം നൽകി. അടുത്ത മൂന്ന് ദിവസത്തേക്ക് അസമിലും മേഘാലയയിലും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയുപ്പുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.