രാജ്യത്ത് ഉള്ളി വിലക്കയറ്റം രൂക്ഷം: പിടിച്ചുനിർത്താൻ പാടുപെട്ട് കേന്ദ്രം, മോഷണവും പെരുകുന്നു
text_fieldsപൂനെ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ളിവില ക്രമാതീതമായി വർധിക്കുന്നതിനിടെ പിടിച്ചുനിർത്താൻ പാടുപെട്ട് കേന്ദ്രം. ഇതിനായി വിവിധ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനും ഉള്ളി വില വർധനവിൽ നിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകാനുമായി ഡിസംബർ 31 വരെ അടിയന്തര പ്രാബല്യത്തിൽ ചില്ലറ വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും സ്റ്റോക്ക് പരിധി കേന്ദ്രം വെള്ളിയാഴ്ച ഏർപ്പെടുത്തിയിരുന്നു.
നിലവിൽ ചില്ലറ വ്യാപാരികൾക്ക് 2 ടൺ വരെ ഉള്ളി സംഭരിക്കാൻ കഴിയും, അതേസമയം മൊത്തക്കച്ചവടക്കാർക്ക് 25 ടൺ വരെ സൂക്ഷിക്കാൻ അനുവാദമുണ്ട്. പൂഴ്ത്തിവെപ്പ് തടയാനായി പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
അതിനിടെ തലവേദനയായി ഉള്ളിമോഷണവും പെരുകുന്നു. പൂനെയില്‍ 2.35 ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച 4 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
വിൽപ്പനക്കായി സൂക്ഷിച്ച 58 ചാക്ക് ഉള്ളിയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സംഭരണ മുറിയുടെ പൂട്ട് തകർത്താണ് പ്രതികൾ അകത്തുകടന്നത്. ഏതാനും ചാക്ക് ഉള്ളികൾ പ്രതികൾ വിറ്റതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ഫൂട്ടേജ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.
നേരത്തെയും പൂനെയില്‍ നിന്ന് നിരവധി ഉള്ളിമോഷണ പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉള്ളിമോഷണങ്ങൾ ദേശീയ മാധ്യമങ്ങളും റിപോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.