'കൻവാർ യാത്ര കഴിയുംവരെ മുസ്‌ലിം തൊഴിലാളികൾ പാടില്ല'; മുസഫർനഗറിലെ ധാബയിൽ നിന്ന് മുസ്‌ലിം തൊഴിലാളികളെ പറഞ്ഞുവിട്ടു, അധികൃതരുടെ നിർദേശപ്രകാരമെന്ന് ഉടമ
text_fieldsലഖ്നോ: കൻവാർ യാത്രയുടെ പശ്ചാത്തലത്തിൽ യു.പിയിലെ കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന വിവാദ നീക്കത്തിന് പിന്നാലെ, കടകളിൽ നിന്ന് മുസ്‌ലിം തൊഴിലാളികളെ ഒഴിവാക്കാനും യു.പി പൊലീസ് നിർദേശം നൽകുന്നതായി വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് മുസഫർനഗറിലെ ധാബയിൽ നിന്ന് നാല് മുസ്‌ലിം തൊഴിലാളികളെ പറഞ്ഞുവിട്ടതായി കടയുടമ വ്യക്തമാക്കി.
മുസഫർനഗറിൽ ഡൽഹി-ഡെറാഡൂൺ ദേശീയപാതയോരത്തെ സാക്ഷി ധാബയുടെ ഉടമ ലോകേഷ് ഭാരതിയാണ് പൊലീസിന്‍റെ നിർദേശ പ്രകാരം നാല് മുസ്‌ലിം തൊഴിലാളികളെ പറഞ്ഞുവിട്ടതായി വെളിപ്പെടുത്തിയത്. പൊലീസുകാർ ധാബയിലെത്തി ഉടമയുടെ പേര് മുന്നിൽ തൂക്കാൻ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ കാണിക്കാനും പറഞ്ഞു. തുടർന്നാണ് കൻവാർ യാത്ര കഴിയുംവരെ മുസ്‌ലിം തൊഴിലാളികളെ ജോലിക്ക് നിർത്തരുതെന്ന് നിർദേശിച്ചത്.
മുൻഷി, ഷഫ്ഖാത് അലി, വഖാർ, രാജു എന്നീ നാല് മുസ്‌ലിം തൊഴിലാളികളാണ് കടയിലുണ്ടായിരുന്നത്. 2012 മുതൽ ധാബയിൽ ജോലിചെയ്യുന്നവരാണ് ഇവർ. കൻവാർ യാത്ര അവസാനിക്കുന്ന ആഗസ്റ്റ് അഞ്ച് വരെ ഇവരെ ജോലിക്ക് നിർത്തരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും അതിനാൽ തൊഴിലാളികളെ പറഞ്ഞുവിടേണ്ടിവന്നെന്നും ധാബ ഉടമ ലോകേഷ് ഭാരതി പറഞ്ഞു.
അതേസമയം, വ്യാപാരികളുടെ പേര് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. വില്‍പ്പനശാലകള്‍ക്ക് മുന്നിലും, വണ്ടികളില്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ വാഹനത്തിന് മുന്നിലും വലിപ്പത്തില്‍ പേര് എഴുതിവെക്കണമെന്നുള്ള നിര്‍ദേശമാണ് പൊലീസ് നൽകിയത്. മുസ്‌ലിം കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള വര്‍ഗ്ഗീയ വിവേചനമാണ് നീക്കത്തിന് പിന്നിലെന്നാണ് വിമര്‍ശനം.
യു.പി പൊലീസിന്റെ നീക്കം ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ നയങ്ങൾക്കും സമാനമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും കുറ്റപ്പെടുത്തി. ശിവഭക്തരുടെ വാർഷിക തീർഥാടനമായ കൻവാർ യാത്ര ജൂലൈ 22 നാണ് തുടങ്ങുന്നത്. അതേസമയം, ‘മതപരമായ ഘോഷയാത്രയ്ക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് മുസഫർനഗറിലെ ഭക്ഷണശാലകളോട് ഉടമയുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിച്ചത്’ എന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.