402 പാർലമെന്‍റ് ജീവനക്കാർക്കും നാല് സുപ്രീംകോടതി ജഡ്ജിമാർക്കും കോവിഡ്; അവലോകന യോഗം വിളിച്ച് മോദി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിടിവിട്ട് കോവിഡ് വ്യാപനം. 400 പാർലമന്‍റെ് ജീവനക്കാർക്കും നാലു സുപ്രീംകോടതി ജഡ്ജിമാർക്കും രോഗം സ്ഥിരീകരിച്ചു. പിന്നാലെ 150ലധികം കോടതി ജീവനക്കാർ ക്വാറന്‍റീനിൽ പോയി. ഇതിൽ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോ ആണ്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പാർലമെന്‍റ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ജനുവരി നാലു മുതൽ എട്ടുവരെ 1,409 ജീവനക്കാരിൽ നടത്തിയ ഒമിക്രോൺ പരിശോധനയിലാണ് 402 ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. 200 ലോക്സഭ ജീവനക്കാർക്കും 69 രാജ്യസഭ ജീവനക്കാർക്കും 133 മറ്റു ജീവനക്കാർക്കുമാണ് രോഗബാധ. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇവരുമായി സമ്പർക്കമുള്ള നിരവധി ജീവനക്കാർ ക്വാറന്‍റീനിലാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ ചുമതലകളുള്ള മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 32 ജഡ്ജിമാരാണുള്ളത്. വ്യാഴാഴ്ചയാണ് രണ്ടു ജഡ്ജിമാർക്ക് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജഡ്ജിക്ക് പനിയുണ്ടായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
കോവിഡ് കേസുകൾ വർധിച്ചതോടെ കോടതി നടപടികൾ രണ്ടാഴ്ചത്തേക്ക് വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി ഏഴു മുതൽ ഔദ്യോഗിക വസതികളിലിരുന്നാണ് ബെഞ്ചുകൾ വാദം കേൾക്കുന്നത്. തിങ്കളാഴ്ച മുതൽ പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടിയന്തര പ്രധാന്യമുള്ള ഹരജികൾ മാത്രം ലിസ്റ്റ് ചെയ്താൽ മതിയെന്നാണ് നിർദേശം. 2020 മാർച്ചിൽ കോവിഡ് രണ്ടാംതരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ കോടതി വാദം കേട്ടിരുന്നത് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു.
ഒക്ടോബറിലാണ് നടപടികൾ കോടതി മുറികളിലേക്ക് മാറിയത്. അതേസമയം, കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം വിളിച്ചു. ഞായറാഴ്ച വൈകീട്ട് 4.30നാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.