കശ്മീരിൽ ഏഴു തീവ്രവാദികളും ജവാനും കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ വിവിധ അക്രമ സംഭവങ്ങളിലായി ഏഴു തീവ്രവാദികളും ജവാനും നാട്ടുകാരനും കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷസേന ആറു തീവ്രവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. തീവ്രവാദികളുടെ പ്രത്യാക്രമണത്തിൽ സൈനികനും പരസ്പരമുള്ള വെടിവെപ്പിനിടയിൽപെട്ട് പ്രദേശവാസിയായ കൗമാരക്കാരനും െകാല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
നാലു ഗ്രാമീണർക്ക് പരിക്കുണ്ട്. കാർപാനിലെ ഹിപുര ബതാഗുണ്ട് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും ആറു തീവ്രവാദികളെ വെടിവെച്ചിട്ടതായും ശ്രീനഗറിലെ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു. പ്രത്യാക്രമണത്തിൽ നാസിർ അഹ്മദ് എന്ന ജവാനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയിലേക്കു മാറ്റി. വെടിവെപ്പിനിടയിൽ പെട്ട് പരിക്കേറ്റ നുഅ്മാൻ അഷ്റഫ് ഭട്ട് (16) ആണ് മരിച്ചത്.
പുൽവാമ ജില്ലയിൽ സൈന്യം ജയ്ശെ മുഹമ്മദ് സംഘത്തിൽപെട്ട പാക് വംശജനായ തീവ്രവാദിയെ കൊലപ്പെടുത്തിയതായും ഇയാളുടെ പേര് വസീം എന്നാണെന്നും പൊലീസ് അറിയിച്ചു.
ഷോപിയാനിൽ കൊല്ലപ്പെട്ട തീവ്രവാദികൾ ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദ സംഘടനകളിൽപ്പെട്ടവരാണെന്ന് സൈന്യം അറിയിച്ചു. മുശ്താഖ് അഹ്മദ് മിർ, മുഹമ്മദ് അബ്ബാസ് ഭട്ട്, ഖാലിദ് ഫാറൂഖ് മാലിക്, ഉമർ മജീദ്, മുഹമ്മദ് ഹമീദ് വാഗെ, കഫീൽ എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.
ദക്ഷിണ കശ്മീരിൽ ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത് ഏറ്റുമുട്ടൽ ആണിത്. പ്രദേശവാസിയുടെ മരണവാർത്ത അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് പ്രകടനവുമായെത്തിയത്. രോഷാകുലരായ നാട്ടുകാർ സൈന്യത്തെ എതിരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
കൊലയിൽ പ്രതിഷേധിച്ച് വിഘടനവാദ നേതാക്കൾ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 18 പേരെ സൈന്യം കൊലപ്പെടുത്തിയതായി അവർ ആരോപിച്ചു. കരുതൽ നടപടിയുടെ ഭാഗമായി കുൽഗാമിലും ഷോപിയാനിലും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.