കണ്ടാൽ അലമാര, വാതിൽ തുറന്നാൽ രഹസ്യ അറ; കശ്മീരിൽ ആറ് ഭീകരരെ സൈന്യം വധിച്ചത് ഒളിത്താവളം തകർത്ത്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെയാണ് സൈന്യം ശനിയാഴ്ച രാത്രി വധിച്ചത്. രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. കുൽഗാമിലെ ചിന്നിഗാം ഫ്രിസാൽ എന്ന സ്ഥലത്ത് നടന്ന ഏറ്റുമുട്ടലിലാണ് നാല് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരർ കൊല്ലപ്പെട്ടത്. കെട്ടിടത്തിലെ അലമാരക്ക് പിന്നിൽ പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
അലമാരക്കുള്ളിലെ പ്രത്യേക കബോർഡിന്‍റെ വാതിൽ തുറന്നാൽ രഹസ്യ അറയിലേക്ക് പ്രവേശിക്കാൻ കഴിയും. ഇവിടെയായിരുന്നു ഭീകരർ ഒളിച്ചുകഴിഞ്ഞിരുന്നത്. പ്രദേശവാസികളുടെ വീടുകളാണ് ഇത്തരത്തിൽ ഒളിച്ചുകഴിയാൻ ഭീകരർ ഉപയോഗിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
രണ്ട് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. പാരാ കമാൻഡോ ഹരിയാന സ്വദേശി ലാൻസ് നായിക് പ്രദീപ് നൈൻ, മഹാരാഷ്ട്ര സ്വദേശി പ്രവീൺ ജഞ്ജാൽ എന്നിവരാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് ജമ്മു- കശ്മീർ ഡി.ജി.പി ആർ.ആർ സ്വൈൻ പറഞ്ഞു.
ഭീകരർക്ക് പ്രദേശവാസികൾ സഹായം നൽകുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ആർ.എസ്.സ്വയിൻ പറഞ്ഞു. കുൽഗാം ദേശീയപാതയിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് പൊലീസും മറ്റ് ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ആറ് ഭീകരരെ വധിക്കാൻ കഴിഞ്ഞത് നിരീക്ഷണം ശക്തമാക്കിയതിന്‍റെ ഫലമായിട്ടാണ് - ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.