താജ്മഹൽ പള്ളിയിൽ നമസ്കരിച്ച നാലുപേർ അറസ്റ്റിൽ; ചുമത്തിയത് കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപനമുണ്ടാക്കിയെന്ന കുറ്റം
text_fieldsആഗ്ര: താജ്മഹൽ സമുച്ചയത്തിലെ പള്ളിയിൽ നമസ്കരിച്ചതിന് നാല് പേർ അറസ്റ്റിൽ. ഇവരിൽ മൂന്നുപേർ ഹൈദരാബാദിൽനിന്നും ഒരാൾ അഅ്സംഗഢിൽനിന്നും എത്തിയവരാണ്.
'കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപനമുണ്ടാക്കി'യെന്ന കുറ്റം ചുമത്തി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ താജ് സമുച്ചയത്തിലെ ഷാഹി മസ്ജിദിൽ നമസ്കരിച്ചവരെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ജവാന്മാരും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ലോക്കൽ പൊലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒഴികെ താജ് സമുച്ചയത്തിലെ പള്ളിയിൽ സുപ്രീംകോടതി നമസ്കാരം വിലക്കിയിട്ടുണ്ടെന്ന് ആഗ്ര സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പറഞ്ഞു.
''വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ രണ്ടു വരെയാണ് നമസ്കാരത്തിന് അനുമതി. ഇതിൽ താജ്മഹൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ (താജ്ഗഞ്ച്) താമസക്കാർ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ''-അദ്ദേഹം പറഞ്ഞു. എന്നാൽ, പതിവ് നമസ്കാരത്തിന് വിലക്കുള്ളതായി ഇതുവരെ കേട്ടിട്ടില്ലെന്ന് താജ്മഹൽ ഇൻതിസാമിയ കമ്മിറ്റി തലവൻ ഇബ്രാഹിം സെയ്ദി പറഞ്ഞു.
''ഇവിടെ പതിവായി നമസ്കാരം നടക്കാറുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പാണ് സുപ്രീംകോടതി വിലക്കുള്ളതായി പുരാവസ്തു വകുപ്പ് അവകാശപ്പെടാൻ തുടങ്ങിയത്. അങ്ങനെ വിലക്കുണ്ടെങ്കിൽ അത് രേഖാമൂലം അറിയിക്കണം. ടൂറിസ്റ്റുകളുടെ അറിവിലേക്ക് ഇക്കാര്യം അറിയിക്കുന്ന ബോർഡ് സ്ഥാപിക്കുകയും വേണം''-അദ്ദേഹം പറഞ്ഞു.
നമസ്കാരത്തിന് വിലക്കുള്ളതായി അറിയാതെയാണ് നാല് പേരും ഇക്കാര്യം ചെയ്തതെന്ന് അറസ്റ്റിലായ ടൂറിസ്റ്റുകളുടെ കൂടെ വന്ന ഗൈഡ് വിനോദ് ദീക്ഷിത് പറഞ്ഞു. വിലക്കുള്ളതായി ഒരുതരത്തിലുള്ള അറിയിപ്പും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.