രാമേക്ഷത്ര ധനസമാഹരണം: രഥയാത്രക്കിടെ നടത്തിയ അക്രമത്തിൽ 40 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം.
ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും പൊലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊലപാതകം, കലാപം, തീവെപ്പ്, ഗൂഢാലോചന തുടങ്ങിയവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസഹായത്തിനായി നടത്തിയ ഘോഷയാത്രക്കിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റു സമുദായത്തെ പ്രകോപിക്കുന്നതിനായി പള്ളിയുടെ മുമ്പിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ, വടികൾ തുടങ്ങിയവ ഉയർത്തുകയും തീവെച്ചുമായിരുന്നു റാലിയെന്ന് പരിക്കേറ്റ പൊലീസുകാർ നൽകിയ പരാതിയിൽ പറയുന്നു.
അക്രമം നിയന്ത്രിക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതായി കച്ച് പൊലീസ് സൂപ്രണ്ട് മയൂർ പാട്ടീൽ പറഞ്ഞു. റാലി അവസാനിച്ചപ്പോൾ അക്രമം നടന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ ഝാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അക്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇേന്ദാറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.