സംവരണം: മറാത്ത പ്രക്ഷോഭം അക്രമാസക്തം; 40 ബസുകൾ കത്തിച്ചു
text_fieldsപുണെ: മഹാരാഷ്ട്രയിൽ സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത സമുദായത്തിെൻറ പ്രക്ഷോഭം വീണ്ടും അക്രമാസക്തം. തിങ്കളാഴ്ച ഉച്ചയോടെ പുണെയിൽ പ്രക്ഷോഭകർ 40 ബസുകൾ അഗ്നിക്കിരയാക്കി. അമ്പതോളം ബസുകൾ തകർത്തു. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭകരിലൊരാൾ ഒാടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പ്രമോദ് ജയ്സിങ് ഹോർ (35) ആണ് സംവരണത്തിനായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും സന്ദേശം കുറിച്ച് ജീവിതം അവസാനിപ്പിച്ചത്.
മഹാരാഷ്ട്ര പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നതിനിടെയാണ് യുവാവിെൻറ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. സംവരണ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് യുവാവിെൻറ കുടുംബം പ്രഖ്യാപിച്ചു. കുറച്ചുദിവസം മുമ്പ് പ്രക്ഷോഭകരിലൊരാൾ തൂങ്ങിമരിച്ചിരുന്നു.
മറാത്ത ക്രാന്തി മോർച്ചയാണ് അക്രമത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ചകാൻ വ്യവസായ കേന്ദ്രത്തിനു സമീപം പുണെ-നാസിക് ഹൈവേയിലാണ് ബസുകൾ അഗ്നിക്കിരയാക്കിയത്. പ്രക്ഷോഭകരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന മറാത്ത സമുദായത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ 16 ശതമാനം സംവരണം വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.