ഫിറോസാബാദിൽ ഡെങ്കിപനി ബാധിച്ച് 40 കുട്ടികളടക്കം 50 മരണം; കേന്ദ്രസംഘം യു.പിയിലേക്ക്
text_fieldsലക്നോ: ഉത്തർപ്രദേശിൽ ഫിറോസാബാദിൽ ഡെങ്കി പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം അന്‍പതുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗുരുതര സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയച്ചു. പടിഞ്ഞാറന്‍ യു.പിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടര്‍ന്നുപിടിക്കുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും പനി പടര്‍ന്നുപിടിക്കുന്നുണ്ട്. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹെമറേജ് ഡെങ്കിയാണ് ഇതെന്നാണ് കരുതുന്നത്.
കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. പനിയും നിര്‍ജ്ജലീകരണവുമാണ് കുട്ടികളില്‍ രോഗലക്ഷണമായി കണ്ടുവരുന്നത്. ഡെങ്കിയുടെ മാരകമായ വകഭേദമാണ് ഇതെന്ന് ലോകാരോഗ്യസംഘടനയുടെ സംഘം അറിയിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെയും നാഷണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിലെയും വിദഗ്ധരെയാണ് കേന്ദ്രം അയച്ചിരിക്കുന്നത്.
ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചു. ഫിറോസാബാദ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് . ആംബുലന്‍സുകളും മറ്റു സംവിധാനങ്ങളും രോഗികളെ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ ഇല്ലെന്നും ഇതിനിടെ ആരോപണം ഉയരുന്നുണ്ട്. പല ആശുപത്രികളുടേയും പീഡിയാട്രിക് വിഭാഗം കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.