കോവിഡ് കാലത്ത് സർക്കാറിന്‍റെ അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സർക്കാറിന്‍റെ അശ്രദ്ധ മൂലം 40 ലക്ഷത്തോളം പൗരന്മാർക്ക് ജീവൻ നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള കോവിഡ് മരണസംഖ്യ പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഓക്സിജൻ ക്ഷാമംമൂലം ആരും മരണപ്പെട്ടില്ലെന്നാണ് മോദിയുടെ അവകാശവാദം. ഇത് കള്ളമാണെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ കോവിഡ് മരണനിരക്ക് കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ രീതിയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ഉയർന്ന രാജ്യത്തിലെ മരണ കണക്കുകൾ തിട്ടപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ഗണിതവിദ്യ പ്രായോഗികമല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.
കോവിഡ് മരണങ്ങളുടെ യഥാർഥ കണക്ക് സർക്കാർ പുറത്തുവിട്ടില്ലെന്ന് ആരോപിച്ച കോൺഗ്രസ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ കണക്കുകൾ പ്രകാരം നാല് പുതിയ മരണങ്ങൾ അടക്കം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,751 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.