കാണാതായ യുവതി ബാങ്കിനുള്ളിലെ സ്ട്രോങ് റൂമിൽ അവശനിലയിൽ; പദ്ധതികൾ മറ്റു ചിലതായിരുന്നുവെന്ന് പൊലീസ്
text_fieldsഷില്ലോങ്: പച്ചക്കറി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ 40കാരിയായ തെൻറ ഭാര്യയെ രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ ബാങ്കിനുള്ളിൽ ക്ഷീണിച്ച് അവശയായ നിലയിൽ കണ്ട ഭർത്താവ് ഞെട്ടിപ്പോയി. സംഭവം എന്താണെന്ന് വെച്ചാൽ ബാങ്കിൽ ആരുമറിയാതെ കടന്നുകൂടി കൊള്ളയടിക്കാനായിരുന്നു യുവതിയുടെ പദ്ധതി. എന്നാൽ മാസത്തിലെ നാലാമത്തെ ശനിയാഴ്ച അവധിയാണെന്നറിയാതെ കൊള്ള പ്ലാൻ ചെയ്തതാണ് പണി പാളാൻ ഇടയാക്കിയത്.
മേഘാലയക്കാരിയായ ഇസബല്ല മർബോഹ് ആണ് കഥയിലെ നായിക. അവശനിലയിലായ ഇവരെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ടാണ് മർബോഹ് വീടിന് തൊട്ടടുത്തുള്ള ബാങ്കിലേക്ക് പോയത്. പച്ചക്കറി വാങ്ങാനാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി നേരെ ബാങ്കിലേക്ക് പോവുകയായിരുന്നു. പണം നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് ബാങ്കിൽ എത്തിയത്. ബാങ്ക് അടക്കുന്ന സമയത്ത് പൊതുവേ ആരും അങ്ങനെ കയറിച്ചെല്ലാത്ത സെർവർ റൂമിൽ ഒളിച്ചിരിക്കാമെന്നും രാത്രി കഴിയാവുന്ന അത്രയും പണം അടിച്ചുമാറ്റിയ ശേഷം പിറ്റേന്ന് ബാങ്ക് തുറക്കുേമ്പാൾ ഇറങ്ങിപ്പോകാമെന്നുമായിരുന്നു പദ്ധതി.
ബാങ്ക് അടച്ച സമയത്ത് അവർ നേരെ സ്ട്രോങ് റൂമിലേക്ക് പോയി. എന്നാൽ സ്ട്രോങ് റൂം കൈയ്യിൽ കരുതിയ കത്രിക ഉപയോഗിച്ച് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മരപ്പണിക്കാർ ഉപയോഗിക്കുന്ന ഒരു ആയുധം അവരുടെ ഹാൻഡ്ബാഗിൽ നിന്ന് ലഭിച്ചതായി ഒരു പൊലീസുകാരൻ വ്യക്തമാക്കിയെങ്കിലും അവർ എങ്ങനെയാണ് യഥാർഥത്തിൽ സ്ട്രോങ് റൂം പൊളിക്കാൻ നോക്കിയതെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
സി.സി.ടി.വി ക്യാമറയിൽ തെൻറ ദൃശ്യം പതിഞ്ഞുവെന്ന് മനസിലാക്കിയ മർബോഹ് അത് തകർത്തു. പിറ്റേന്ന് ബാങ്ക് തുറന്ന ശേഷം സ്ഥലം വിടാമെന്നായിരുന്നു മർബോഹ് കണക്കൂട്ടിയിരുന്നത്. എന്നാൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയായിരുന്നു. ഒരു രാത്രി കഴിയാൻ ആവശ്യമായി ചേക്ലേറ്റും ഒ.ആർ.എസും മാത്രമാണ് അവർ കൈയ്യിൽ കരുതിയിരുന്നത്.
തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്ന മാനേജർ ക്ഷീണിച്ച് അവശ നിലയിലായ മർബോഹിനെയാണ് കണ്ടത്. സി.സി.ടി.വി കാമറകൾ തകർത്തിട്ടുമുണ്ടായിരുന്നു. അതോടെ മാനേജർ പൊലീസിനെയും യുവതിയുടെ ഭർത്താവിനെയും വിളിച്ചുവരുത്തി. ഭാര്യയെ കാണാതായി രണ്ട് ദിവസമായി തെരച്ചിൽ നടത്തുന്ന ഭർത്താവ് സോഷ്യൽ മീഡിയ വഴിയും സഹായം അഭ്യർഥിച്ചിരുന്നു.
ഷില്ലോങ് യൂത്ത് സെൻറർ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന യുവതിയുടെ കോവിഡ് ടെസ്റ്റ് ഫലം വരാൻ കാത്തിരിക്കുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.