രണ്ടാഴ്ചയ്ക്കിടെ 400 വ്യാജ ബോംബ് ഭീഷണികൾ: വിമാനത്താവളങ്ങളിൽ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി
text_fieldsന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് വിമാന സർവിസുകൾക്ക് 400ലധികം വ്യാജ ബോംബ് ഭീഷണി വന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച് ഭീകരവിരുദ്ധ ഏജൻസി.
സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമായി എൻ.ഐ.എ പ്രധാന വിമാനത്താവളങ്ങളിൽ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി (ബി.ടി.എ.സി) ടീമിനെ വിന്യസിച്ചു. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗത്തിൽ പ്രതികരിക്കാൻ ഈ പ്രത്യേക യൂണിറ്റിന് കഴിയും.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം 400ലധികം വ്യാജ കോളുകൾ ലഭിച്ചതായി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇത് യാത്രക്കാരുടെ സുരക്ഷക്കും ദേശീയ സുരക്ഷക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. എൻ.ഐ.എയുടെ സൈബർ വിഭാഗം ഈ ഭീഷണി കോളുകളുടെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റ് സുരക്ഷാ ഏജൻസികളുമായി സഹകരണത്തോടെയാണ് എൻ.ഐ.എ പ്രവർത്തിക്കുന്നത്. ഭീഷണി കോളുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനും വിമാനത്താവളങ്ങളിൽ വർദ്ധിപ്പിച്ച സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും ഈ അന്തർ ഏജൻസി സഹകരണം നിർണായകമാണ്. സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര എന്നീ വിമാന സർവീസുകളെയും ഭീഷണി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.