ബി.ജെ.പിക്ക് 400 സീറ്റ് എന്നത് തമാശ, 300 അസാധ്യം, 200 സീറ്റ് പോലും വെല്ലുവിളി -ശശി തരൂർ
text_fieldsന്യൂഡൽഹി: നാനൂറിലേറെ സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം തമാശയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 300 സീറ്റ് ലഭിക്കുന്നത് പോലും അസാധ്യമാണ്. ബി.ജെ.പിക്ക് ഇത്തവണ 200 സീറ്റുപോലും വെല്ലുവിളിയാണെന്നും ശശി തരൂർ പറഞ്ഞു. വാർത്താ ഏജൻസി പി.ടി.എക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഒരു സീറ്റുപോലും കിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ മോശം പ്രകടനം ബി.ജെ.പി ഇത്തവണ കാഴ്ചവെക്കുമെന്നും തരൂർ പറഞ്ഞു. തനിക്കു കിട്ടുന്ന വിവരം അനുസരിച്ച് ഇതുവരെ വോട്ടെടുപ്പു നടന്ന 190 മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ അനൂകൂല സുചനകളാണുള്ളത്. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇൻഡ്യ സഖ്യവും എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന്, ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ താൻ സ്‌കോറുകൾ പ്രവചിക്കുന്നില്ലെന്നും വിജയം മാത്രമേ പ്രവചിക്കൂ എന്നുമായിരുന്നു തരൂരിന്റെ മറുപടി. കഴിഞ്ഞ തവണ നേട്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നും ബി.ജെ.പിക്ക് ഇത്തവണ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. കഴിഞ്ഞ തവണ കോൺഗ്രസിന് ഹരിയാനയിൽ ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല എന്നാൽ ഇത്തവണ അഞ്ചു മുതൽ ഏഴു സീറ്റ് വരെ കിട്ടുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. കർണാടകയിൽ കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്നും ഇത്തവണ പത്ത് മുതൽ പതിനേഴ് സീറ്റ് വരെ കിട്ടും എന്നാണ് സർവേ റിപ്പോർട്ടുകളെന്നും തരൂർ പറഞ്ഞു.
പകുതിയിലേറെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇനിയും പൂർത്തിയാകാനുണ്ട്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു പോരാട്ടമാണെന്ന് ഇപ്പോൾ വരുന്ന സൂചനകളിൽ നിന്ന് തന്നെ വ്യക്തമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും വരുമാനത്തിൽ ഇടിവ് നേരിട്ടതായി സാമ്പത്തിക വിദഗ്ധർ പറയുമ്പോൾ, തങ്ങളെ പ്രതിസന്ധിയിലാക്കിയ ബി.ജെ.പിക്ക് എന്തിനാണ് അവർ വീണ്ടും വോട്ട് ചെയ്യുന്നതെന്നും തരൂർ ചോദിച്ചു.
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം, തെരഞ്ഞെടുപ്പിനെ മതത്തിന്റെ പേരിലുള്ള ദ്രുവീകരണം, ഹിന്ദു ഹൃദയ് സാമ്രാട്ട് എന്ന സന്ദേശം, രാമക്ഷേത്രം എന്നീ തന്ത്രങ്ങളെല്ലാം ബി.ജെ.പി രാജ്യത്ത് അമിതമായി ഉപയോഗിച്ചു. പക്ഷെ ഇതൊന്നും നിക്ഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കില്ലെന്നും തരൂർ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ജൂൺ നാല് വരെ പെരുമാറ്റചട്ടം നിലനിൽക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെയും തരൂർ ചോദ്യം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.