4046 ഹിന്ദുക്കളുടെ പൗരത്വ അപേക്ഷ പരിഗണനയിൽ; അഞ്ച് വർഷത്തിനിടെ 4171 പേർക്ക് പൗരത്വം നൽകിയെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 4046 ഹിന്ദുക്കളുടെ പൗരത്വ അപേക്ഷ വിവിധ സംസ്ഥാനങ്ങളുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4171 വിദേശികൾക്കാണ് ഇന്ത്യൻ പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയിൽ ഇതുസംബന്ധിച്ച മറുപടി നൽകിയത്. കേരളത്തിൽ 65 പേർക്കാണ് പൗരത്വം നൽകിയത്.
1955ലെ പൗരത്വ നിയമപ്രകാരമാണ് ഇപ്പോൾ പൗരത്വം നൽകിയത്. 2016ൽ 1105, 2017ൽ 814, 2018ൽ 628, 2019ൽ 986, 2020ൽ 638 എന്നിങ്ങനെയാണ് വിവിധ വർഷങ്ങളിൽ പൗരത്വം നൽകിയത്.
ഹിന്ദുക്കളുടെ പരിഗണിക്കാനുള്ള അപേക്ഷകളിൽ 1,541 എണ്ണം രാജസ്ഥാനിൽ നിന്നാണ്. മഹാരാഷ്ട്ര -849, ഗുജറാത്ത് -555, മധ്യപ്രദേശ് -490, ചത്തീസ്ഗഡ് -268, ഡൽഹി -123 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകൾ.
ഏറ്റവും കൂടുതൽ പൗരത്വം നൽകിയത് ഗുജറാത്തിലാണ്. 1,089 പേർക്ക് ഈ കാലയളവിൽ ഇവിടെ പൗരത്വം നൽകിയിട്ടുണ്ട്. രാജസ്ഥാൻ-751, മധ്യപ്രദേശ്-535, മഹാരാഷ്ട്ര-446, ഹരിയാന-303, ഡൽഹി-301, പശ്ചിമ ബംഗാൾ-146, ഉത്തർ പ്രദേശ്-145, ഉത്തരാഖണ്ഡ്-75, തമിഴ്നാട്-73, കർണാടക-72 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ പൗരത്വം ലഭിച്ച വിദേശികളുടെ കണക്ക്.
പൗരത്വ നിയമം ഇനി ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ; മറ്റ് മതന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തില്ല
ന്യൂഡൽഹി: മറ്റ് മതന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഭേദഗതി ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൾ വഹാബാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
അയൽരാജ്യങ്ങളിലെ കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുമോയെന്നായിരുന്നു എം.പിയുടെ ചോദ്യം. ഇത്തരമൊരു ആലോചനയേയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സി.എ.എ ചട്ടക്കൂടിന് രൂപംനൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. 2022 ജനുവരി ഒമ്പത് വരെ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച നിത്യാനന്ദ റായി ലോക്സഭയെ അറിയിച്ചിരുന്നു. ഇത് നാലാംതവണയാണ് കേന്ദ്രം സമയം നീട്ടി ആവശ്യപ്പെടുന്നത്.
ശ്രീലങ്കൻ തമിഴ് വംശജർ, പാകിസ്താനിലെ അഹമ്മദിയ വിഭാഗം തുടങ്ങിയവരെ കൂടി സി.എ.എ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.
അയൽ രാജ്യങ്ങളിൽ നിന്നെത്തിയ 4,171 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. 4,046 അപേക്ഷകൾ ഇനി പരിഗണിക്കാനുണ്ട്. 2016നും 2020നുമിടയിൽ പഴയ നിയമങ്ങൾക്ക് അനുസൃതമായാണ് വിദേശികളായ ഇവർക്ക് പൗരത്വം അനുവദിച്ച് നൽകിയത്. ഇതിൽ കേരളത്തിൽനിന്നും അപേക്ഷിച്ച 65 പേർക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.