ഡൽഹിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 13 പേർ; ജനങ്ങളിൽനിന്ന് നിർദേശം തേടി കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് മൂലം 13 പേർ മരണപ്പെട്ടു. ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതൽ പേർ മരിച്ച ദിവസമാണ് കടന്നുപോയത്. 406 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഡൽഹിയിൽ മൊത്തം മരണസംഖ്യ 86ഉം രോഗബാധിതരുടെ എണ്ണം 7,639 ഉം ആയി. 2,512 പേർ സുഖം പ്രാപിച്ചു. 5,041 പേർ ചികിത്സയിലാണെന്നും ഡൽഹി സർക്കാർ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ തേടി. “മാർക്കറ്റുകൾ തുറക്കണോ? പൊതുഗതാഗതം അനുവദിക്കണോ? സാമൂഹ്യ അകലം പാലിച്ച് ആരോഗ്യം സംരക്ഷിക്കാനും സമ്പദ്‌വ്യവസ്ഥ പരിപാലിക്കാനും ചെയ്യേണ്ടതെന്താണെന്ന് നിങ്ങൾക്ക് നിർേദശിക്കാം” -കെജ്‌രിവാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തിയ വിഡിയോ കോൺഫറൻസിൽ കെജ്‌രിവാളും പങ്കെടുത്തിരുന്നു. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മേയ് 15നകം മുഖ്യമന്ത്രിമാർ നിർദേശം നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനുവേണ്ടിയാണ് കെജ്‌രിവാൾ ജനാഭിപ്രായം തേടുന്നത്.
എല്ലാ നല്ല നിർദ്ദേശങ്ങളും വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും ഡൽഹി സർക്കാരിെൻറ നിർദ്ദേശമായി അവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സർക്കാർ ഹെൽപ്പ് ലൈൻ നമ്പറായ 1031, വാട്‌സ്ആപ്പ് 8800007722, delhicm.suggestions@gmail.com എന്നിവ വഴി നിർദേശങ്ങൾ സമർപ്പിക്കാം. ബുധനാഴ്ച വൈകീട്ട് 5 മണിക്കകം അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.