41 തൊഴിലാളികളും കനത്ത സുരക്ഷാ വലയത്തിൽ
text_fieldsസിൽക്യാര തുരങ്കത്തിൽനിന്ന് 17 ദിവസത്തിനുശേഷം പുറത്തുകൊണ്ടുവന്ന 41 തൊഴിലാളികൾക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അവരെ ചിന്യാലിസോർ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർ ‘മാധ്യമ’ത്തോടു പറഞ്ഞു. അതേസമയം, 17 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ തുരങ്കത്തിനകത്ത് കഴിഞ്ഞതുകൊണ്ടുള്ള പി.ടി.എസ്.ഡി (പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോർഡർ), അടച്ചിട്ട സ്ഥലങ്ങളിൽ കഴിഞ്ഞാലുണ്ടാകുന്ന ക്ലോസ്ട്രോഫോബിയ, ഉത്കണ്ഠ എന്നീ പ്രശ്നങ്ങളുണ്ടെന്നും ഇതിന് വിദഗ്ധ പരിചരണം ആവശ്യമായതുകൊണ്ടാണ് ഋഷികേശ് എയിംസിലേക്ക് മാറ്റുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ചിന്യാലിസോർ ആശുപത്രിയിൽ എത്തിച്ച തൊഴിലാളികളുമായി അർധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അവരെ വ്യോമമാർഗം ഋഷികേശിലേക്ക് കൊണ്ടുപോയത്.
മാധ്യമ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും വിലക്ക്
തുരങ്കത്തിൽ നിന്ന് പുറത്തുവന്ന 41 തൊഴിലാളികളുമായും അവർക്കൊപ്പം ആശുപത്രിയിൽ നിൽക്കുന്നവരുമായും മാധ്യമങ്ങൾ ഒരു നിലക്കും ബന്ധപ്പെടാതിരിക്കാനാണ് ഇത്രയും കനത്ത സുരക്ഷാവലയത്തിലാക്കി. തൊഴിലാളികളുടെ ആംബുലൻസ് പിന്തുടർന്ന് ചൊവ്വാഴ്ച രാത്രി ചിന്യാലിസോറിലെത്തിയ അന്തർദേശീയ വാർത്താ ഏജൻസികളായ എ.എഫ്.പിയെയും റോയിട്ടേഴ്സിനെയുമെല്ലാം പൊലീസും അർധസൈനിക വിഭാഗങ്ങളും ആശുപത്രി കവാടത്തിൽ തടഞ്ഞു. തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ നിയുക്തരായ സന്നദ്ധ സംഘടനാ പ്രവർത്തകർ അവരെ കാണുന്നതും വിലക്കി. ആശുപത്രിയിലേക്ക് ഭക്ഷണവുമായി വന്ന അവരെ ആശുപത്രി വളപ്പിലേക്ക് കടക്കാൻ അനുവദിക്കാതെ ഗേറ്റിൽ തടഞ്ഞ് ഭക്ഷണം അധികൃതർ എത്തിച്ചുകൊടുത്തു.
ഉറ്റവരെ കാണാതെ ശുഭ്റാം
സിൽക്യാര തുരങ്കത്തിൽനിന്ന് തൊഴിലാളികളെ നേരെ എത്തിച്ച ചൈനയോട് അടുത്തുകിടക്കുന്ന ചിന്യാലിസോറിലെ ആശുപത്രിയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വരുന്നതും കാത്തിരിക്കുകയാണ് മാധ്യമപ്രവർത്തകർ. രാജ്യമൊട്ടുക്കും ആഘോഷിക്കുന്ന രക്ഷാദൗത്യത്തിനൊടുവിൽ ഉറ്റവരായ ആറുപേർ രക്ഷപ്പെട്ടിട്ടും ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ നിന്നുള്ള ശുഭ് റാമിന്റെ മുഖത്ത് നിരാശ. ചിന്യാലിസോർ ആശുപത്രിക്കു മുന്നിൽ അങ്ങേയറ്റം അസ്വസ്ഥനായി നിൽക്കുന്ന ശുഭ് റാമിനോട് കാര്യമന്വേഷിച്ചപ്പോൾ തുരങ്കത്തിൽനിന്ന് പുറത്തെടുത്തവരിലുള്ള അനിയനും അമ്മാവനും നാലു ബന്ധുക്കളും അടങ്ങുന്ന ഉറ്റവരെ കാണാൻ ആശുപത്രി വലയം ചെയ്ത പൊലീസും അർധസൈനിക വിഭാഗവും അനുവദിക്കുന്നില്ലെന്ന് പറഞ്ഞു.
പ്രത്യേക തിരിച്ചറിയൽ കാർഡില്ലാതെ കാണാനാകില്ല
പ്രത്യേകമായുണ്ടാക്കിയ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ഒരാളെയും അകത്തുകയറ്റില്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് വേണ്ടപ്പെട്ടവരെപ്പോലും ആശുപത്രിയിലേക്ക് കയറ്റാതെ തിരിച്ചയക്കുന്നത്. ഉറ്റവരെ പുറത്തെടുക്കുമ്പോൾ കാണാൻ ശ്രാവസ്തിയിൽനിന്ന് 13 ദിവസം മുമ്പ് എത്തിയതാണ് ശുഭ് റാം. തകർന്നുവീണ തുരങ്കത്തിന്റെ നിർമാണപ്രവൃത്തിയുടെ ഫോർമാൻ കൂടിയാണ്. പണിക്കിടെ ആറു ദിവസത്തെ അവധിയെടുത്ത് ശ്രാവസ്തിയിലേക്ക് പോയതായിരുന്നു. ആ സമയത്താണ് അപകടമുണ്ടായത്. അനിയനും അമ്മാവനും ബന്ധുക്കളുമെല്ലാം തുരങ്കത്തിലകപ്പെട്ട വിവരമറിഞ്ഞ് സിൽക്യാരയിലെത്തി 13 ദിവസമായി കാത്തിരിക്കുന്നു. രക്ഷാദൗത്യത്തിലൂടെ അവർ പുറത്തെത്തിയാൽ കാണാമെന്നായിരുന്നു പറഞ്ഞത്.
അത് കരുതി തുരങ്കമുഖത്ത് കാത്തിരിക്കുകയായിരുന്നു. തുരങ്കത്തിനകത്തുനിന്ന് ആംബുലൻസിൽ ചിന്യാലിസോർ ആശുപത്രിയിലേക്ക് കൊണ്ടുവന്നതുകൊണ്ടാണ് ബുധനാഴ്ച രാവിലെ നേരെ ഇവിടേക്ക് വന്നത്. അപ്പോഴാണറിയുന്നത് ആശുപത്രിയിൽ കാണാനുള്ള ഒരു ആശ്രിതന് പ്രത്യേക തിരിച്ചറിയൽ കാർഡ് നേരത്തേ തയാറാക്കിക്കൊടുത്തിട്ടുണ്ടെന്ന്. അത്തരമൊരു വിവരം ശുഭ് റാമിന് ലഭിച്ചിട്ടില്ല. ആറു പേരുടെ ആശ്രിതനാണെന്നു പറഞ്ഞ് രണ്ടുമൂന്ന് ശ്രമങ്ങൾ നടത്തിയിട്ടും പൊലീസും അർധസൈനിക വിഭാഗവും തിരിച്ചയച്ചു. അനിയൻ അങ്കിതിന്റെ രേഖകൾ തന്റെ കൈവശമാണെന്നറിഞ്ഞ് അത് ചോദിച്ചുവാങ്ങി കൊണ്ടുപോയിട്ടും തന്നെ കാണാൻ അനുവദിച്ചില്ല. മുഖ്യമന്ത്രി വരുന്നതോടെ അവരെ ഋഷികേശ് എയിംസിലേക്ക് കൊണ്ടുപോകുമെന്നും താനിനി അവിടേക്കു പോയാലും ഇതായിരിക്കും അവസ്ഥയെന്നും ശുഭ് റാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.