രാജ്യത്ത് ഈ വർഷം ഉണ്ടായത് 4.12 ലക്ഷം റോഡപകടങ്ങൾ; പൊലിഞ്ഞത് 1.53 ലക്ഷം ജീവൻ
text_fieldsന്യൂഡൽഹി: 2021 വർഷത്തിൽ 4,12,432 റോഡപകടങ്ങളിൽ 1,53,972 പേർ മരിക്കുകയും 3,84,448 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2019നെ അപേക്ഷിച്ച് 2021ൽ റോഡപകടങ്ങൾ 8.1 ശതമാനവും പരിക്കുകൾ 14.8 ശതമാനവും കുറഞ്ഞതായും മന്ത്രാലയം പുറത്തിറക്കിയ ‘ഇന്ത്യയിലെ റോഡപകടങ്ങൾ - 2021’ റിപ്പോർട്ട് പറയുന്നു. 2020ലേക്കാൾ റോഡപകടങ്ങൾ 12.6 ശതമാനം കൂടി.
അതുപോലെ, റോഡപകട മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം യഥാക്രമം 16.9 ശതമാനവും 10.39 ശതമാനവും വർധിച്ചു. ദിനംപ്രതി ശരാശരി 1130 അപകടങ്ങളും 422 മരണങ്ങളും നടക്കുന്നുണ്ട്. ഓരോ മണിക്കൂറിലും 47 അപകടങ്ങളും 18 മരണങ്ങളുമാണുണ്ടാവുന്നത്.
കോവിഡ് ലോക്ഡൗൺ കാരണം 2020ൽ രാജ്യത്ത് അപകടങ്ങളിലും മരണങ്ങളിലും പരിക്കുകളിലും വൻ കുറവുണ്ടായിരുന്നു. 2021ൽ മരിച്ചതിൽ 67.6 ശതമാനവും 18-45 വയസ്സുള്ള യുവാക്കളാണ്. അതേസമയം ആകെ മരണങ്ങളിൽ 18-60 പ്രായമുള്ളവർ 84.5 ശതമാനം വരും.
അപകടങ്ങളിൽ 1,28,825 (31.2 ശതമാനം) ദേശീയപാതകളിലും (എൻ.എച്ച്) 96,382 (23.4 ശതമാനം) സംസ്ഥാനപാതകളിലും (എസ്.എച്ച്) 1,87,225 (45.4 ശതമാനം) മറ്റ് റോഡുകളിലുമാണ് സംഭവിച്ചത്. ഒന്നോ അതിലധികമോ ആളുകളുടെ മരണത്തിൽ കലാശിക്കുന്ന മാരകമായ 1,42,163 അപകടങ്ങളിൽ 50,953 (35.8 ശതമാനം) ദേശീയ പാതകളിലും 34,946 (24.6 ശതമാനം) സംസ്ഥാന പാതകളിലും 56,264 (39.6 ശതമാനം) മറ്റ് റോഡുകളിലുമാണ്.
മാരകമായ റോഡപകടങ്ങൾ 2020ലെ 1,20,806ൽനിന്ന് 2021ൽ 1,42,163 ആയി ഉയർന്നു -17.7 ശതമാനം വർധന. 2021ലെ മൊത്തം അപകടങ്ങളുടെ 34.5 ശതമാനമാണ് മാരക അപകടങ്ങൾ. സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടന്നത് തമിഴ്നാട്ടിലാണ്. അതേസമയം, റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഉത്തർപ്രദേശിലാണ് -15.2 ശതമാനം. തമിഴ്നാട് (9.4), മഹാരാഷ്ട്ര (7.3), രാജസ്ഥാൻ (6.8 ശതമാനം).
ഗതാഗതലംഘനങ്ങളിൽ പ്രധാന കൊലയാളി അമിത വേഗതയാണ്. 69.6 ശതമാനം പേരാണ് അമിതവേഗത കാരണം മരിച്ചത്. തെറ്റായ ദിശയിലൂടെ വാഹനമോടിച്ചതാണ് 5.2 ശതമാനം മരണങ്ങൾക്ക് കാരണം. 67.5 ശതമാനം അപകടങ്ങളും വളവില്ലാത്ത റോഡുകളിലാണ്. വളവുള്ള റോഡുകൾ, കുഴികളുള്ള റോഡുകൾ, കയറ്റം എന്നിവയിലെ അപകടങ്ങൾ 13.9 ശതമാനമാണ്.
തുടർച്ചയായ രണ്ടാം വർഷവും അപകടങ്ങൾക്കും മരണങ്ങൾക്കും ഏറ്റവും കൂടുതൽ കാരണമായത് ഇരുചക്ര വാഹനങ്ങളാണ്. കാറുകൾ, ജീപ്പുകൾ, ടാക്സികൾ എന്നിവ ഉൾപ്പെടുന്ന ചെറുവാഹനങ്ങൾ രണ്ടാം സ്ഥാനത്താണ്. മരിച്ചതിൽ 45.1 ശതമാനം ഇരുചക്രവാഹന യാത്രക്കാരും 18.9 ശതമാനം കാൽനടക്കാരുമാണ്. റിപ്പോർട്ട് അനുസരിച്ച് റോഡപകടങ്ങളും അപകട മരണങ്ങളും നഗരങ്ങളേക്കാൾ കൂടുതൽ ഗ്രാമങ്ങളിലാണ്. റോഡപകട മരണങ്ങളിൽ 69 ശതമാനം ഗ്രാമങ്ങളിലും 31 ശതമാനം നഗരങ്ങളിലുമാണ്.
സീറ്റ് ബെൽറ്റിടാൻ മറക്കേണ്ട, കഴിഞ്ഞവർഷം മരണം 16,397
ന്യൂഡൽഹി: ഹെൽമറ്റ് പോലെ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാനും പലർക്കും മടിയാണ്. ഈ കണക്കുകൾ കേട്ടാൽ ഇനിയാരും ഹെൽമറ്റ് ഇടാതെയും സീറ്റ് ബെൽറ്റ് അണിയാതെയും റോഡിൽ ഇറങ്ങില്ല. കാരണം 2021ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് റോഡപകടങ്ങളിൽ പൊലിഞ്ഞത് 16,397 ജീവനാണ്. 8,438 ഡ്രൈവർമാരും ബാക്കി 7,959 പേർ യാത്രക്കാരുമാണെന്ന് ഓർമിക്കണം. ഹെൽമറ്റ് ധരിക്കാത്തതിനാൽ 46,593 പേരാണ് മരിച്ചത്. ഇതിൽ 32,877 ഡ്രൈവർമാരും 13,716 യാത്രക്കാരുമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ‘ഇന്ത്യയിലെ റോഡപകടങ്ങൾ -2021’ എന്ന റിപ്പോർട്ട് പറയുന്നു. ഹെൽമറ്റ് ഇല്ലാത്തതിനാൽ 93,763 പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ 39,231 പേർക്കും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.