സ്വദേശത്തേക്കുള്ള യാത്രക്കിടെ റോഡപകടത്തിൽ മരിച്ചത് 42 കുടിയേറ്റ തൊഴിലാളികൾ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് തൊഴിൽ ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്തേക്കുള്ള യാത്രക്കിടെ 42 കുടിയേറ്റ തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്വദേശത്തേയ്ക്ക് മടങ്ങുന്നത്. കാൽനടയായും സൈക്കിളിലും നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി വീടുകളിലെത്തിച്ചേർന്നവർ നിരവധി. മറ്റു ചിലർ ഇപ്പോഴും യാത്രയിലാണ്.
പാതിവഴിയിൽ ജീവൻ വെടിഞ്ഞവരെക്കുറിച്ചാണ് സേവ് ലൈഫ് ഫൗണ്ടേഷൻ പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത്.
മാർച്ച് 24 മുതൽ മേയ് മൂന്നുവരെയുള്ള കാലയളവിൽ രാജ്യത്ത് റോഡപകടങ്ങളിൽ ആകെ മരിച്ചത് 140 പേരാണ്. ഇതിൽ 30 ശതമാനത്തിലധികവും വീടുകളിലേയ്ക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള വീട്ടിലേയ്ക്ക് കാൽനടയായും ബസുകളിലും ട്രക്കുകളിലും ഒളിച്ചും യാത്രചെയ്യുന്നതിനിടയിലാണ് അപകടങ്ങളൊക്കെ സംഭവിച്ചത്. ട്രക്ക്, ബസ് എന്നിവ ഇടിച്ചാണ് പല അപകടങ്ങളും സംഭവിച്ചത്.
ലോക്ഡൗണിന്റെ രണ്ട് ഘട്ടങ്ങളിലായി 600 റോഡ് അപടകങ്ങളിലാണ് 140 പേർ മരിച്ചത്. 42 കുടിയേറ്റ തൊഴിലാളികളും 17 അവശ്യ സേവനത്തിൽ ഏർപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്ന് സേവ് ലൈഫ് ഫൗണ്ടേഷൻ സി.ഇ.ഒ പിയൂഷ് തിവാരി പറയുന്നു.
140 മരണങ്ങളിൽ 100 എണ്ണം ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, കേരള, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സംഭവിച്ചത്.
പഞ്ചാബിലാണ് ലോക്ഡൗണിൽ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ ഉണ്ടായത്. കേരളം, ഡൽഹി, കർണാടക എന്നിവിടങ്ങളാണ് പിന്നിൽ.
സാധാരണയായി ഇത്രയും ദിവസങ്ങൾക്കിടയിൽ രാജ്യത്ത് ഏകദേശം 65,000 റോഡ് അപകടങ്ങളാണ് ഉണ്ടാകാറുള്ളതെന്ന് പിയൂഷ് തിവാരി ചൂണ്ടിക്കാട്ടി. ഏകദേശം 16,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ലോക്ഡൗണിനെ തുടർന്ന് രാജ്യവ്യാപകമായി വാഹനഗതാഗതം തടഞ്ഞതാണ് അപകടങ്ങളും അതിനെതുടർന്നുള്ള മരണനിരക്കും വളരെ കുറയാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.