കോൺഗ്രസിന് തലവേദനയൊഴിയുന്നില്ല; ഗുലാംനബിക്ക് പിന്തുണയുമായി 42 പേർ കൂടി പാർട്ടി വിട്ടു
text_fieldsന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിനു പിന്നാലെ കോൺഗ്രസ് വിട്ടുപോകുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച 65 പേരാണ് ഗുലാം നബിക്ക് പിന്തുണയുമായി കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബുധനാഴ്ച 42 നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇതോടെ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി രാജിവെച്ചവരുടെ എണ്ണം നൂറു കടന്നു.
ഗുലാംനബി ആസാദ് രൂപീകരിക്കുന്ന പുതിയ പാർട്ടിയിൽ ചേരുമെന്ന് ഇവരെല്ലാം പറഞ്ഞു. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദും ഇക്കൂട്ടത്തിലുണ്ട്. ജമ്മുകശ്മീരിൽ 90 സീറ്റുകളിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് ഗുലാംനബി പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശത്തോടെയാണ് കോൺഗ്രസ് സമ്പൂണമായി തകർന്നുവെന്നും ഗുലാംനബി ആരോപിച്ചിരുന്നു.
പാർട്ടി രൂപീകരിക്കുന്നത് വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. ഇതിനു മുന്നോടിയായി ജമ്മുവിൽ സെപ്റ്റംബർ നാലിന് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. കോൺഗ്രസ് വിട്ട ശേഷം ഗുലാംനബി നടത്തുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. റാലിയിൽ വെച്ച് പുതിയ പാർട്ടിയെ കുറിച്ച് ഗുലാംനബി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
സെപ്റ്റംബർ നാലിനു തന്നെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ റാലിയെ അഭിസംബോധന ചെയ്യുന്നത് എന്നതും ഇതോട് കൂട്ടിച്ചേർക്കണം. തന്റെ രാജി ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കോൺഗ്രസിനകത്ത് ആഭ്യന്തരകലഹം രൂക്ഷമാകുമെന്നും ഗുലാംനബി ആസാദ് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.