കുടിലിൽ ചപ്പാത്തി ചുട്ട് ഡോ. കഫീൽ ഖാൻ; ഈ യാത്ര ഇന്ത്യയുടെ ഹൃദയങ്ങളിലേക്ക് -VIDEO
text_fieldsസികാർ (രാജസ്ഥാൻ): ഒരാൾക്ക് നിന്ന് തിരിയാൻ മാത്രം ഇടമുള്ള അടുക്കള. മണ്ണ് കൊണ്ടുണ്ടാക്കിയ വിറകടുപ്പിൽ ചപ്പാത്തി വേവുന്നു. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് അടുത്ത ചപ്പാത്തി പരത്തുകയാണ് ടൈ കെട്ടി, ഇൻസൈഡ് ചെയ്ത നീലക്കുപ്പായക്കാരൻ. ഇടക്കിടെ അടുപ്പത്തുള്ള ചപ്പാത്തി മറിച്ചിടുന്നുമുണ്ട്. അതിനിടെ, ശ്രദ്ധ പരത്തുന്ന ചപ്പാത്തിയിലായപ്പോൾ അടുപ്പിനു മുകളിലുള്ള ചപ്പാത്തി മറിച്ചിടാൻ അൽപം വൈകി. ഉടൻ കണ്ടുനിന്ന സ്ത്രീ ഇടപെട്ട് അത് മറിച്ചിട്ടു.
ഈ നീലക്കുപ്പായക്കാരനെ നിങ്ങളറിയും. ഡോ. കഫീൽ ഖാൻ എന്ന അദ്ദേഹത്തിന്‍റെ പേര് കേട്ടാൽ നിങ്ങൾക്ക് മാത്രമല്ല, ഈ ലോകത്തിന് മുഴുവൻ അദ്ദേഹത്തെ അറിയും. അതെ, പ്രാണവായു കിട്ടാതെ പിടഞ്ഞ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം കാശ് മുടക്കി ഓക്സിജൻ എത്തിച്ചതിന്, അവർക്ക് വേണ്ടി ശബ്ദിച്ചതിന് യോഗി ആദിത്യ നാഥെന്ന മുഖ്യമന്ത്രി നിഷ്കരുണം വേട്ടയാടിയ കുട്ടികളുടെ ഡോക്ടർ. മാസങ്ങളോളം അന്യായമായി കൽത്തുറങ്കിലടക്കപ്പെട്ട മനുഷ്യൻ. ആ കഫീൽ ഖാൻ, ഇപ്പോൾ ഒന്നരമാസമായി ഇന്ത്യയുടെ ഹൃദയങ്ങളിലേക്കുള്ള യാത്രയിലാണ്. കോവിഡ് മഹാമാരിയുടെ നാളുകളിൽ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ആശ്വാസപ്പെയ്ത്തായി അദ്ദേഹം സഞ്ചരിക്കുന്നു. വീടുകളും കോളനികളും താണ്ടി, മരുന്നും ഭക്ഷ്യവസ്തുക്കളുമായി അദ്ദേഹം നേതൃത്വം നൽകുന്ന 'ഡോക്ടേർസ് ഓൺ റോഡ്' എന്ന സന്നദ്ധ സംഘം യാത്ര തുടരുകയാണ്. ഡോ. കഫീൽ ഖാൻ തുടക്കമിട്ട 'മിഷൻ സ്മൈൽ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒക്ക് കീഴിലാണ് ഇതിന്‍റെ പ്രവർത്തനം.
ഇന്ന് 44ാമത്തെ ദിവസം രാജസ്ഥാനിലെ സികാർ എന്ന ഗ്രമത്തിലാണ് 'ഡോക്ടേർസ് ഓൺ റോഡ്' പര്യടനം നടത്തിയത്. വീടുകൾ കയറിയിറങ്ങി കോവിഡ് ബോധവത്കരണവും അത്യാവശ്യ സഹായങ്ങളും ചെയ്തുകൊടുത്താണ് യാത്ര. ഇതിനിടെ, ഉച്ചസമയത്ത് കയറിയ ഒരു വീട്ടിൽ വെച്ചാണ് ഡോ. കഫീൽ തെന്റ പാചക വൈഭവം പുറത്തെടുത്തത്. അടുക്കളയിൽ കയറി ഉച്ചക്ക് കഴിക്കാനുള്ള ചപ്പാത്തി പരത്തിച്ചുടുകയായിരുന്നു അദ്ദേഹം. കൂടെയുള്ളവർ ഇത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കകം നിരവധിപേർ ഈ വിഡിയോ ഏറ്റെടുത്തു.
दोपहर के खाने की तैयारी #DoctorsOnRoad pic.twitter.com/MjTidXFOZF
— Dr Kafeel Khan (@drkafeelkhan) May 27, 2021
കോവിഡ് വ്യാപനവും ലോക്ഡൗണും തൊഴിലില്ലായ്മയും ദുരിതത്തിലാക്കിയ സാധാരണക്കാർക്ക് ആശ്വാസമേകുന്നതാണ് ഡോക്ടേഴ്സ് ഓൺ റോഡിന്‍റെ പ്രവർത്തനം. മരുന്നുൾപ്പെടെ സൗജന്യമായി നൽകിയാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്.
2017 ആഗസ്റ്റിൽ ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാനെ കുറിച്ച് പുറംലോകമറിയുന്നത്. ബി.ആർ.ഡി ആശുപത്രിയിൽ ഓക്സിജൻ നിലച്ചതിനെ തുടർന്ന് 60ഓളം കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അന്ന് സ്വന്തം നിലക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് കഫീൽ ഖാൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സംഭവത്തിൽ സർക്കാറിന്‍റെ അനാസ്ഥയെ കുറിച്ച് മാധ്യമങ്ങളോട് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇതോടെ, യോഗിയുടെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ഒമ്പത് മാസത്തോളം അദ്ദേഹത്തെ ജയിലിലടച്ചു. നിരപരാധിയെന്ന് വകുപ്പ് തല അന്വേഷണത്തിലടക്കം തെളിഞ്ഞ കഫീലിന് 2018 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. പിന്നീട് പൊതുരംഗത്ത് സജീവമായ ഡോകട്റെ അലീഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന പൗരത്വനിയമ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് 2020 ജനുവരി 29ന് വീണ്ടും അറസ്റ്റ് ചെയ്തു. ദേശസുരക്ഷാ നിയമം ചുമത്തി എട്ടുമാസമാണ് തുറങ്കിലടച്ചത്. നിരപരാധിയായ അദ്ദേഹം 2020 സെപ്തംബറിൽ ഈ കേസിലും ജയിൽ മോചിതനായി.
നിലവിൽ ജന്മനാട് ഉപേക്ഷിച്ച ഡോ. കഫീൽഖാൻ രാജസ്ഥിനിലാണ് കഴിയുന്നത്. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഖാന്‍ സുരക്ഷിതതാവളം തേടിയാണ് 2020 സെപ്റ്റംബറിൽ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തിയത്. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യനാഥ് ജയിലിൽ അടച്ചേക്കുമെന്ന് മഹാമാരിക്കാലത്തും കർമനിരതനായ ഈ ശിശുരോഗ വിദഗ്ധൻ ആശങ്കപ്പെടുന്നു.
#DoctorsOnRoad Day 44
— Dr Kafeel Khan (@drkafeelkhan) May 27, 2021
Sikar Rajasthan
आप भी इस जागरूकता कार्यक्रम में हमारे साथ जुड़ सकते है नीचे दिए लिंक में साइन अप करके 🙏#DoctorsOnRoad
Can join here in volunteering link 👇https://t.co/6IdweOZPQe pic.twitter.com/yY8lngILgM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.