ഭരണം മെച്ചപ്പെടുത്താൻ ‘പ്രതിഭകളെ’ തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: ഭരണം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി നിയമന നീക്കവുമായി കേന്ദ്ര സർക്കാർ. ജോയന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുടെ 45 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. സാധാരണഗതിയിൽ ഐ.എ.എസ്, ഐ.പി.എസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസ് തുടങ്ങിയ കേന്ദ്ര സർവിസുകളിൽനിന്നാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്.
10 ജോയന്റ് സെക്രട്ടറിമാർ, 35 ഡയറക്ടർമാർ/ ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുടെ തസ്തികകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ യു.പി.എസ്.സി നിയമനം നടത്തുന്നത്. സ്വകാര്യ മേഖലയിൽനിന്നും സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽനിന്നും പ്രതിഭകളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നുവർഷത്തേക്കാണ് നിയമനം. മികവിെന്റ അടിസ്ഥാനത്തിൽ ഇത് അഞ്ചുവർഷം വരെ നീട്ടിനൽകാനും വ്യവസ്ഥയുണ്ട്.
ആഭ്യന്തര, ധന, ഉരുക്ക് മന്ത്രാലയങ്ങളിൽ ഉൾപ്പെടെ ഈ രീതിയിൽ ജോ. സെക്രട്ടറിമാരെ നിയമിക്കുന്നുണ്ട്. കൃഷി -കർഷക ക്ഷേമം, വ്യോമയാനം, വാർത്തവിതരണ പ്രക്ഷേപണം തുടങ്ങിയ മന്ത്രാലയങ്ങളിലാണ് ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി ഒഴിവുകൾ. ഉന്നത സ്ഥാനങ്ങളിലെ ലാറ്ററൽ എൻട്രി നിയമനം 2018ൽ തുടങ്ങിയതാണ്. 63 പേരെ നിയമിച്ചതിൽ 35 പേരും സ്വകാര്യ മേഖലയിൽനിന്നാണ്. 57 പേർ വിവിധ തസ്തികകളിൽ തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.