ബാങ്ക് ജീവനക്കാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്
text_fieldsലക്‌നോ: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലക്‌നോവിലെ വിഭൂതിഖണ്ഡ് ശാഖയിലെ 45കാരിയായ ജീവനക്കാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. ചൊവ്വാഴ്ച ഓഫിസിലെ കസേരയിൽനിന്ന് വീണാണ് ബാങ്കിന്റെ അഡീഷണൽ ഡെപ്യൂട്ടി പ്രസിഡന്‍റ് ആയ സദാഫ് ഫാത്തിമ മരിച്ചത്. ഉച്ചക്കുശേഷം സദാഫ് ജോലി ചെയ്യുന്നതിനിടെ ക്യാബിനിലെ കസേരയിൽനിന്ന് താഴെ വീഴുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാർ പറഞ്ഞു. നഗരത്തിലെ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അമിത ജോലി സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സാധ്യമായ എല്ലാ കോണുകളും അന്വേഷിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും വിഭൂതി ഖണ്ഡ് ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുനിൽ കുമാർ സിങ് പറഞ്ഞു.
ജോലി സമ്മർദ്ദം മൂലമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സ്ട്രെസ് മാനേജ്മെന്‍റിനെക്കുറിച്ച് ധനമന്ത്രി പ്രഭാഷണം നടത്തുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർക്ക് മേലുള്ള സമ്മർദ്ദം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനക്കകത്തും പുറത്തും ഒരു വിഷയത്തിലും സംസാരിക്കാൻ അവർക്ക് അനുവാദമില്ല. അടിമത്തൊഴിലാളികളേക്കാൾ മോശമാണ് അവരുടെ അവസ്ഥയെന്നും അഖിലേഷ് വിമർശിച്ചു.
ഓരോ ജീവനക്കാർക്കും ടാർഗറ്റ് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ ജോലി നഷ്ടപ്പെടും. തീർച്ചയായും ജോലി സമ്മർദ്ദത്താൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് പേര് വെളിപ്പെടുത്താതെ ബ്രാഞ്ചിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
ലഖ്‌നൗവിലെ വസീർഗഞ്ചിലാണ് സദാഫ് താമസിച്ചിരുന്നത്. പിതാവ് ഇസ്രത്ത് അലി ഏതാനും വർഷം മുമ്പ് മരിച്ചു. മാതാവ് കനിസക്കും അനുജത്തി സാദിയക്കുമൊപ്പമാണ് അവൾ കഴിഞ്ഞിരുന്നതെന്ന് സദാഫിന്റെ ബന്ധു മുഹമ്മദ് മസ്ഹർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട സദാഫിനെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ലാറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച ഡിസ്ചാർജ് ചെയ്ത് ചൊവ്വാഴ്ച ജോലിയിൽ കയറുകയായിരുന്നുവെന്നും മസ്ഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.