തീവ്രത കുറഞ്ഞു, ബിപോർജോയ് 4600 ഗ്രാമങ്ങളെ ഇരുട്ടിലാക്കി
text_fieldsഅഹ്മദാബാദ്: കച്ച്-സൗരാഷ്ട്ര മേഖലയിൽ ആഞ്ഞടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ വ്യാഴാഴ്ച രാത്രി വീശിയത് നാശനഷ്ടത്തിലേക്ക്. കൃത്യമായ മുന്നറിയിപ്പുകൾ നൽകിയതിനാൽ മരണമില്ലെങ്കിലും 5120 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 3580 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. 1000 ഗ്രാമങ്ങളിൽ ഇതിനായുള്ള ശ്രമം തുടരുകയാണ്. മരം വീണ് ഉൾപ്പെടെ 23 പേർക്ക് പരിക്കേറ്റു.
അറുനൂറോളം മരങ്ങൾ വീണതിനാൽ മൂന്നു സംസ്ഥാന പാതകളിൽ ഗതാഗതം നിലച്ചു. വൈദ്യുതി കമ്പനിയായ പശ്ചിം ഗുജറാത്ത് വിജ് കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. 20 കുടിലുകളടക്കം 29 വീടുകൾ പൂർണമായും തകർന്നു. 474 കുടിലുകൾക്ക് ഭാഗിക നാശമുണ്ടായി. കടൽവെള്ളം ഇരച്ചുകയറിയും കനത്ത മഴയെ തുടർന്നും തീരഗ്രാമങ്ങളിൽ വെള്ളം കയറി. അതിതീവ്ര ചുഴലിക്കാറ്റ് കര തൊട്ടശേഷം തീവ്രചുഴലിയായി മാറിയിരുന്നു. ദക്ഷിണ രാജസ്ഥാനിലേക്ക് നീങ്ങിയ ബിപോർജോയ് ന്യൂനമർദമായി മാറി വീണ്ടും ശക്തി കുറയുമെന്നാണ് വിദഗ്ധാഭിപ്രായം.
ചുഴലിക്കാറ്റിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാറിന് വലിയ നേട്ടമാണിതെന്നും സംസ്ഥാന റിലീഫ് കമീഷണർ അലോക് കുമാർ പാണ്ഡെ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്ന് സിംഹമടക്കമുള്ള വന്യമൃഗങ്ങളെ സംരക്ഷിക്കാൻ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. 210 സംഘങ്ങളെയാണ് ഗിർ വനത്തിലും കച്ച് ജില്ലയിലുമായി സജ്ജരാക്കിയത്.ഇതിൽ 184ഉം ഗിർ വനമേഖലയിലാണ്. വ്യാഴാഴ്ച വൈകീട്ട് ഗിർ ഈസ്റ്റ് ഡിവിഷനിൽ കിണറിൽ വീണ രണ്ടു സിംഹക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.