കേരളത്തിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 4.7 കോടിയുടെ സ്വർണം ബംഗളൂരുവില്‍ പിടികൂടി
text_fieldsബംഗളൂരു: കേരളത്തിൽനിന്നും ആന്ധ്രാപ്രദേശിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന 4.7 കോടിയുടെ സ്വർണവുമായി അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് വടക്കൻ കർണാടകയിലെ ചിത്രദുർഗയിലെ ഹിരിയൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് ബംഗളൂരു ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ സംഘത്തെ പിടികൂടിയത്.
ബാരിക്കേഡ് തകർത്ത് നിർത്താതെ പോയ കാർ അരമണിക്കൂറോളം പിന്തുടർന്നാണ് പിടികൂടിയത്. തമിഴ്നാട്, കർണാടക സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരള രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.
കേരളത്തിലെ കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന സ്വര്‍ണം മറിച്ചു വില്‍ക്കാന്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സ്വർണക്കടത്തിന് പിന്നിലെ മലയാളികളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
9.3 കിലോ ഗ്രാം സ്വർണ ബാറുകൾ കാറിെൻറ സീറ്റിന് അടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നുള്ള പരിശോധന ഒഴിവാക്കാന്‍ കാറില്‍ അവശ്യസേവനമാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു. ആകെ 11 സ്വർണ ബാറുകളാണ് കണ്ടെത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.