മൂന്നു ദിവസത്തിനിടെ മഹാരാഷ്ട്രയിൽ ചികിത്സ കിട്ടാതെ 49 മരണം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രണ്ട് സർക്കാർ ആശുപത്രികളിലായി 18 നവജാത ശിശുക്കളടക്കം 49 പേർ മരിച്ചു. ശനിയാഴ്ചക്കും തിങ്കളാഴ്ചക്കുമിടയിൽ നാന്ദഡിലെ ഡോ. ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളജിൽ 16 നവജാത ശിശുക്കളടക്കം 31 പേരാണ് മരിച്ചത്.
തിങ്കളാഴ്ച രവിലെ എട്ടു മുതൽ 24 മണിക്കൂറിനിടെ ഔറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളജിൽ രണ്ട് നവജാത ശിശുക്കളടക്കം 18 പേരും മരിച്ചു. ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലാത്തതാണ് നാന്ദഡ് മെഡിക്കൽ കോളജിലെ മരണത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ആശുപത്രികൾക്ക് ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ കിടത്തിചികിത്സിക്കുന്നതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദുരന്തത്തിന് കാരണമായിത്തീരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര സർക്കാർ അന്വേഷണ സമിതിക്ക് രൂപം നൽകി.
ഔറംഗാബാദ് മെഡിക്കൽ കോളജിൽ മരുന്നുകളുടെ കുറവില്ലെന്ന് പറയപ്പെടുന്നു. 1,177 കിടക്കകളുള്ള ഇവിടെ എപ്പോഴും 1,600ലേറെ രോഗികൾ ചികിത്സയിലുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സെപ്റ്റംബറിൽ 28,000 രോഗികളെയാണ് ചികിത്സിച്ചതെന്നും അതിൽ 419 രോഗികൾ മരിച്ചതായും അധികൃതർ പറഞ്ഞു.
പരസ്യത്തിന് കോടികൾ ചെലവിടുന്ന ബി.ജെ.പിക്ക് കുട്ടികൾക്കുള്ള മരുന്നു വാങ്ങാൻ പണമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ബി.ജെ.പിക്കു മുമ്പിൽ പാവപ്പെട്ടവരുടെ ജീവന് ഒരു വിലയുമില്ലെന്നും രാഹുൽ ആരോപിച്ചു.
കൂട്ടമരണത്തിന് സർക്കാറാണ് ഉത്തരവാദിയെന്ന് ആരോപിച്ച എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.