അധ്യാപകന്റെ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് നാലാം ക്ലാസുകാരൻ മരിച്ചു
text_fieldsബംഗളൂരു: സർക്കാർ സ്കൂളിലെ അധ്യാപകന്റെ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഒമ്പതുകാരനായ വിദ്യാർഥി മരിച്ചു. വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ഹഗ്ലി ഗ്രാമത്തിലെ ഗവ. മോഡൽ പ്രൈമറി സ്കൂളിൽ ശനിയാഴ്ചയാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുത്തു ഹദലിയാണ് നാലാം ക്ലാസ് വിദ്യാർഥിയായ ഭരതിനെ മർദിച്ചത്.
ഭരതിന്‍റെ മാതാവ് ഗിത ബർക്കറും ഈ സ്കൂളിൽ അധ്യാപികയാണ്. കൊലപാതക കാരണം വ്യക്തമല്ലെങ്കിലും കുട്ടിയുടെ മാതാവിനോടുള്ള വൈരാഗ്യം മൂലമാണ് കൊലയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരോട് സംസാരിച്ചുനിൽക്കുകയായിരുന്ന ഭരതിനെ അധ്യാപകൻ മർദിച്ചപ്പോൾ കുട്ടി അമ്മക്കരികിലേക്കോടി. മകനെ രക്ഷിക്കാൻ ശ്രമിച്ച ഗിതയെയും ഇയാൾ മർദിച്ചു.
കുട്ടിയെ ഗുരുതര പരിക്കുകളോടെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് മരിച്ചു. മർദനമേറ്റ ഗിത ബർക്കറും ചികിത്സയിലാണ്. അധ്യാപകൻ ഒളിവിലാണ്. നരഗുൻഡ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹിയിലെ സ്കൂളിലും സമാനസംഭവം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.