പരിശോധനാ ഫലം തെറ്റ്; അഞ്ച് എയർ ഇന്ത്യ പൈലറ്റുകൾക്ക് കോവിഡില്ല
text_fieldsന്യൂഡൽഹി: ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയർ ഇന്ത്യ പൈലറ്റുകൾക്ക് രോഗമില്ലെന്ന് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
കോവിഡ് പരിശോധിക്കുന്ന ആർ.ടി-പി.സി.ആർ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവിൽ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കാർക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിൽ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 എയർ ഇന്ത്യ പൈലറ്റുമാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ അഞ്ച് പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ അഞ്ച് പേരെയും ഹോം ക്വാറന്‍റീനിൽ പറഞ്ഞയച്ചു. മുംബൈ സ്വദേശികളായ അഞ്ച് പേരും ബോയിങ് 787ൽ ജോലി ചെയ്യുന്നവരാണ്. ഏപ്രിൽ 20നാണ് ഇവർ അവസാനമായി ജോലി ചെയ്തത്.
മഹാരാഷ്ട്രയിൽ ഇതുവരെ 20,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലെ 12,000 കേസുകളും മുംബൈയിൽ നിന്നാണ്. 'ഓപറേഷൻ വന്ദേ ഭാരത്' എന്ന് പേരിട്ട കോവിഡ്കാലത്തെ പ്രവാസികളുടെ മടക്കയാത്ര, സമാധാനകാലത്തുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലായാണ് കണക്കാക്കപ്പെടുന്നത്. മെയ് 7 മുതൽ 15 വരെ 64 വിമാനങ്ങളിലായി 15,000 പേരെയാണ് എയർ ഇന്ത്യ നാട്ടിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.