സൈനിക വാഹനത്തിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞു, പിന്നാലെ തുരുതുരാ വെടിവെപ്പ്; ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം
text_fieldsശ്രീനഗർ: ജമ്മു- കശ്മീരിലെ കഠ്‍വ ജില്ലയിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമാകാനിടയാക്കിയ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. കഠ്‍വ ജില്ലയിലെ മചേഡിയിൽ സൈനികരുടെ പട്രോളിങ്ങിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആദ്യം സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇതിന് പിന്നാലെ തുരുതുരാ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് ആക്രമണമുണ്ടായത്. കഠ്‍വയിൽ നിന്ന് 150 കമിലോമീറ്റർ അകലെ മചേഡി-കിൻഡ്ലി-മൽഹാർ പാതയിലൂടെയായിരുന്നു സൈനിക വാഹനം സഞ്ചരിച്ചത്. സൈന്യത്തിന്‍റെ കമാൻഡോ സംഘവും വനമേഖലയിൽ അധികമായി നിയോഗിച്ച സംഘവുമാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. വെടിവെപ്പുണ്ടായതോടെ സൈന്യം തിരിച്ചടിച്ചെങ്കിലും ഭീകരർ കാട്ടിലേക്ക് മറയുകയായിരുന്നു. പരിക്കേറ്റ അഞ്ച് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ മേഖലയിൽ കൂടുതൽ സൈന്യമെത്തി തിരച്ചിൽ നടത്തുകയാണ്.
നാലാഴ്ചക്കിടെ മേഖലയിൽ ഇത് രണ്ടാമത്തെ വലിയ ആക്രമണമാണ്. ജൂൺ 12നും 13നുമായി ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും രണ്ട് സൈനികർ വീരമൃത്യു വരിക്കുകയുമുണ്ടായി.
ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തുടർച്ചയായ ഭീകരാക്രമണത്തിനുള്ള മറുപടി ശക്തമായ നടപടികളാണ്. അല്ലാതെ, പൊള്ളയായ വാക്കുകളും നടപ്പാക്കാത്ത വാഗ്ദാനങ്ങളുമല്ല -രാഹുൽ പറഞ്ഞു.
ധീര സൈനികരുടെ ജീവത്യാഗത്തിൽ അങ്ങേയറ്റം ദു:ഖിതനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. തീവ്രവാദികൾക്ക് തിരിച്ചടി നൽകുമെന്നും മേഖലയിൽ സമാധാനം പുന:സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.