ബുലന്ദ്ശഹർ കലാപം ആസൂത്രിതമെന്ന്; മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപം ആസൂത്രിതമെന്ന് ആരോപണം. പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ബദ്റംഗ്ദൾ നേതാവ് യോഗേഷ് രാജാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്ന്നു വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് സൂചന. നേരത്തെ ഗ്രാമത്തിൽ പശു കശാപ്പ് നടക്കുന്നതായി പരാതി നൽകിയതും ഇയാളാണ്.
യു.പിയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്ന കേസ് തുടക്കത്തിൽ അന്വേഷിച്ചത് സുബോധ്കുമാർ സിങ്ങായിരുന്നു.
ബുലന്ദ്ശഹർ ജില്ലയിലെ സയാന മേഖലയിലെ ചിങ്ക്രാവതിയിലാണ് തിങ്കളാഴ്ച പകൽ സംഘ്പരിവാർ പ്രവർത്തകർ അഴിഞ്ഞാടിയത്. തെരുവിലിറങ്ങിയ പ്രക്ഷോഭകർ പൊലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് വ്യാപകമായി തീവെക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിത്(20) ആണ് വെടിയേറ്റ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ.
2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ദാദ്രി അന്വേഷണത്തോടെ സംഘ്പരിവാറിെൻറ കണ്ണിലെ കരടായ സുബോധ് കുമാറിനെ കൊലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്ത വന്നതോടെ ഈ നിലക്കുകൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹര്‍ ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മാഹൗ ഗ്രാമത്തിലെ വനത്തിൽ പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘ്പരിവാർ പ്രവർത്തകർ പശുവിെൻറ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഒരു പ്രത്യേക സമുദായക്കാരാണ് ഇതിനു പിന്നിലെന്നും അവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.