ബിഹാർ: സീറ്റ് മോഹികളായ അഞ്ച് ബി.ജെ.പിക്കാർക്കും ഒരു ജെ.ഡി.യുക്കാരനും എൽ.ജെ.പി സ്ഥാനാർഥിത്വം
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൽ.ജെ.പിയുടെ (ലോക് ജനശക്തി പാർട്ടി) ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ബി.ജെ.പി വിട്ടെത്തിയ അഞ്ച് പേർക്കും ഒരു ജെ.ഡി.യുക്കാരനും ഇടംനൽകി. 42 അംഗ സ്ഥാനാർഥിപട്ടികയിലാണ് ബി.ജെ.പിയിൽ നിന്നും ജെ.ഡി.യുവിൽ നിന്നും ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് എൽ.ജെ.പിയിലെത്തിയവർ ഉൾപെട്ടത്.
അടുത്തിടെ ബി.ജെ.പി വിട്ട് എൽ.ജെ.പിയിലെത്തിയ രാജേന്ദ്ര സിങ്, രാമേശ്വർ ചൗരസ്യ, ഉഷ വിദ്യാർഥി എന്നിവർക്ക് യഥാക്രമം ദിനാര, സസാറം, പാലിഗഞ്ച് സീറ്റുകൾ ലഭിച്ചു. 'എെൻറ തീരുമാനം പുനപരിശോധിക്കാനാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡ ബന്ധപ്പെട്ടിരുന്നു. എന്നാൽ അനുഭാവികളുടെ അഭ്യർഥന മാനിച്ച് എൽ.ജെ.പിക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു' -ചൗരസ്യ പറഞ്ഞു.
മറ്റൊരു ബി.ജെ.പി വിമതനായ രവീന്ദ്ര യാദവ് ഝഝ മണ്ഡലത്തിൽ നിന്നും എൽ.ജെ.പി ടിക്കറ്റിൽ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമർപൂരിൽ ബി.ജെ.പി ടിക്കറ്റിൽ തോറ്റ മൃണാൽ ശേഖർ ഇക്കുറി അതേ മണ്ഡലത്തിൽ എൽ.ജെ.പിക്കായി ജനവിധി തേടും.
മറ്റൊരു ബി.ജെ.പി നേതാവായ ഇന്ദു ദേവി കശ്യപ് ജഹാനാബാദിൽ നിന്നും ജെ.ഡിയുവിൽ നിന്നെത്തിയ ഭഗവാൻ സിങ് കുശ്വാര ജഗദീഷ്പൂരിൽ നിന്നും മത്സരിക്കും. ശേഖരപുരയിൽ മത്സരിക്കുന്ന ഇമാം ഗജാലിയാണ് സ്ഥാനാർഥിപ്പട്ടികയിലെ ഏക മുസ്ലിം. എട്ട് വനിതകൾ പട്ടികയിൽ ഇടം നേടി. പട്ടികജാതിക്കാരായ പാസ്വാൻമാർക്കും, സവർണർ, ഒ.ബി.സി വിഭാഗങ്ങൾക്കും ഇടം നൽകി സാമുദായിക സന്തുലനം പാലിച്ചാകണം സീറ്റ് വിഭജനമെന്ന് പാർട്ടി അതാത് ജില്ല പ്രസിഡൻറ്മാർക്ക് നിർദേശം നൽകിയിരുന്നു.
എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന റാം വിലാസ് പാസ്വാൻ വ്യാഴാഴ്ച അന്തരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ നിശ്ചയിച്ചുറപ്പിച്ചാണ് പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിട്ട് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ബി.ജെ.പിയുമായി വിയോജിപ്പൊന്നുമില്ലെങ്കിലും ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറും ചിരാഗും തമ്മിലുള്ള ഉടക്കാണ് പാർട്ടി മുന്നണി വിടാനുണ്ടായ സാഹചര്യം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം മതിയെന്ന നിലപാടാണ് അനുരഞജനത്തിന് ശ്രമിച്ച ബി.ജെ.പി നേതാക്കളോട് ചിരാഗ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.