വിധി പറഞ്ഞത് ഇവർ
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘ ടന ബെഞ്ച് വിധി പറഞ്ഞിരിക്കുകയാണ്. രഞ്ജൻ ഗൊഗോയ്ക്കൊപ്പം ജസ്റ്റിസ് എസ്.എ ബോബ്ഡേ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
ചീഫ് ജ സ്റ്റിസ് രഞ്ജൻ ഗൊഗോയ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. അസം സ്വദേശിയായ ഗൊഗോയ് വടക്ക്-കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്. 2018 ഒക്ടോബറിൽ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി . 1978ലാണ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തത്. ഗുവാഹത്തി ഹൈകോടതിയിൽ 2001 ഫെബ്രുവരി 28ന് ജഡ്ജിയായി നിയമിതനായി. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 2012 ഏപ്രിലിലാണ് സുപ്രീംകോടതി ജസ്റ്റിസായി നിയമിതനായത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നിർണായക കേസിൽ വിധി പറഞ്ഞത് ഗൊഗോയിയായിരുന്നു. നവംബർ 17ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കും
ജസ്റ്റിസ് എസ്.എ. ബോബ്ഡേ
ജസ്റ്റിസ് എസ്.അരവിന്ദ് ബോബ്ഡേയായിയിരിക്കും അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. നവംബർ 17ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം പരമോന്നത നീതിപീഠത്തിൻെറ തലപ്പത്തെത്തും. ബോംബെ ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായാണ് അദ്ദേഹത്തിൻെറ തുടക്കം. 2000ൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ഏപ്രിലിലാണ് മഹാരാഷ്ട്രക്കാരനായ ബോബ്ഡേ സുപ്രീംകോടതിയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണ് അയോധ്യയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
2016 മെയിലാണ് സുപ്രീംകോടതി ജഡ്ജിയായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനാകുന്നത്. അതിന് മുമ്പ് ബോംബെ, അലഹബാദ് ഹൈകോടതികളിൽ പ്രവർത്തിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസുകളിലടക്കം നിർണായകമായ പല വിധികളും ചന്ദ്രചൂഡ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി ഓഫ് മുംബൈ, ഒക്ലഹോമ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ യു.എസ്.എ എന്നിവിടങ്ങളിൽ അദ്ദേഹം വിസിറ്റിങ് പ്രൊഫസറാണ്.
ജസ്റ്റിസ് അശോക് ഭൂഷൻ
അലഹബാദ് ഹൈകോടതിയിൽ അഭിഭാഷകനായി 1979ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2001ൽ ജഡ്ജിയായി നിയമിതനായി. 2014 ജൂലൈ 14ന് അദ്ദേഹം കേരള ഹൈകോടതിയിലെത്തുകയും ആക്ടിങ് ചീഫ് ജസ്റ്റിസിൻെറ പദവി വഹിക്കുകയും ചെയ്തു. 2015 മാർച്ചിൽ ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13നാണ് അദ്ദേഹം സുപ്രീംകോടതിയിൽ ജസ്റ്റിസായി നിയമിതനായത്.
ജസ്റ്റിസ് അബ്ദുൽ നസീർ
1983 ഫെബ്രുവരിയിലാണ് ജസ്റ്റിസ് അബ്ദുൽ നസീർ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 20 വർഷത്തോളം അദ്ദേഹം കർണാടക ഹൈകോടതിയിൽ അഭിഭാഷകനായി സേവനമനുഷ്ടിച്ചു. 2003 ഫെബ്രുവരിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2017 ഫെബ്രുവരി 17നാണ് സുപ്രീംകോടതിയിലെത്തിയത്. മുത്തലാഖ് വിഷയത്തിൽ ജസ്റ്റിസ് ജെ.എസ് ഖേറുമായി ചേർന്ന് നിർണായക വിധി പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.