ലഖിംപുർ ഖേരിയുടെ പേരിൽ ബ്ലാക്ക്മെയിൽ; മന്ത്രി അജയ് മിശ്രയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിന്‍റെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര നൽകിയ പരാതിയിൽ അഞ്ചുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപുർ സംഭവവുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ അജയ് മിശ്രയിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. അറസ്റ്റിലായ അഞ്ചുപേരും ഔട്ട്സോഴ്സിങ് കമ്പനി ജീവനക്കാരാണ്.
ഡിസംബർ 17നാണ് ഇവർ മന്ത്രിയിൽ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ലഭിച്ച പരാതി പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നാലുപേരെ നോയിഡയിൽ നിന്നും ഒരാളെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഒക്ടോബർ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കര്‍ഷകരെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ജയിലിൽ കഴിയുകയാണ്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ലഖിംപുര്‍ ഖേരി സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ ആയിരുന്നുവെന്നുമുള്ള ആശിഷ് മിശ്രയുടെയും അജയ് മിശ്രയുടെയും വാദങ്ങളെ അന്വേഷണ കമ്മീഷന്‍ നിഷേധിച്ചിരുന്നു. സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സ്വാഭാവികമായി നടന്നതാണെന്ന് കരുതാനാവില്ലെന്നുമാണ് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ആശിഷ് മിശ്രയുടെ അറസ്റ്റോടെ അജയ് മിശ്രയെ നരേന്ദ്ര മോദി സർക്കാറിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.