കശ്മീർ: അഞ്ച് രാഷ്ട്രീയ നേതാക്കൾക്ക് 148 ദിവസത്തിന് ശേഷം മോചനം
text_fieldsശ്രീനഗർ: കശ്മീരിൽ അഞ്ച് രാഷ്ട്രീയ നേതാക്കളെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 148 ദിവസമായി ഇവർ തടവിൽ കഴിയുകയായിരുന്നു.
നാഷനൽ കോൺഫറൻസ് നേതാക്കളായ ഇഷ്ഫാഖ് ജബ്ബാർ, ഗുലാം നബി ഭട്ട്, പി.ഡി.പി നേതാക്കളായ ബഷീർ മിർ, സഹൂർ മിർ, യാസിർ റെഷി എന്നിവരെയാണ് മോചിപ്പിച്ചത്.
അതേസമയം, നാഷനൽ കോൺഫറൻസ് അധ്യക്ഷനും എം.പിയും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മകനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എന്നിവർ അഞ്ച് മാസത്തോളമായി തടവിൽ തുടരുകയാണ്. ഇവരുടെ മോചനം സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. അനുയോജ്യമായ സമയത്ത് ഇവരെ മോചിപ്പിക്കും എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്.
ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെ മുഴുവൻ തടവിലാക്കിയത്. വിഘടനവാദ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് നേതാക്കളെ തടവിലിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.