57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽകിണറിൽ വീണ അഞ്ച് വയസുകാരന് ദാരുണാന്ത്യം
text_fieldsജയ്പുർ: രാജസ്ഥാനിലെ ധൗസയിൽ കുഴൽകിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. കടുത്ത ചൂടിനെ വകവെക്കാതെ 57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കാളിഖഡ് ഗ്രാമത്തിലെ വയലിൽ കളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് ആര്യൻ എന്ന കുട്ടി വീണത്. ഒരു മണിക്കൂറിന് ശേഷം ആരംഭിച്ച രക്ഷാപ്രവർത്തനം അടുത്ത രണ്ടര ദിവസത്തോളം നീണ്ടു.
ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും പൈലിങ് റിഗ്ഗും ഉൾപ്പെടെ വിന്യസിച്ച് സമാന്തര തുരങ്കം കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പൈപ്പ് വഴി ഓക്സിജൻ നൽകുകയും സി.സി.ടി.വി ക്യാമറ ഉപയോഗിച്ച് ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. 160 അടിയോളം വരുന്ന ജലനിരപ്പ് ഉൾപ്പെടെ നിരവധി വെല്ലുവിളികൾ രക്ഷാദൗത്യത്തിന് ഉണ്ടായിരുന്നുവെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) ഉദ്യോഗസ്ഥർ പറഞ്ഞു.
അബോധാവസ്ഥയിൽ പുറത്തെടുത്ത ശേഷം, നൂതന ലൈഫ് സപ്പോർട്ട് സംവിധാനമുള്ള ആംബുലൻസിൽ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഗ്രീൻ കോറിഡോർ തയാറാക്കിയിരുന്നു. എന്നാൽ വൈകാതെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.
സെപ്റ്റംബറിൽ ധൗസയിലെ ബാൻഡികുയി പ്രദേശത്തെ 35 അടി താഴ്ചയുള്ള തുറന്ന കുഴൽകിണറിൽ വീണ രണ്ട് വയസുകാരിയെ എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ചേർന്ന് 18 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ സമാന മാർഗം തന്നെയാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.