ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി 50 പഞ്ചായത്തുകൾ
text_fieldsഗുരുഗ്രാം: നൂഹിലെ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി പഞ്ചായത്തുകൾ. മൂന്ന് ജില്ലകളിലെ 50 പഞ്ചായത്തുകളാണ് ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. രേവാരി, മഹേന്ദർഗഡ്, ജജ്ജാർ എന്നീ ജില്ലകളിലെ പഞ്ചായത്തുകളാണ് ഒരേ മാതൃകയിൽ സർക്കുലർ പുറത്തിറക്കിയത്.
ഗ്രാമങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ പോലീസിൽ സമർപ്പിക്കണമെന്നും സർപഞ്ചുമാർ ഒപ്പിട്ട സർക്കുലറിൽ പറയുന്നു. മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള താമസക്കാരില്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സർക്കുലർ പറയുന്നു.
എന്നാൽ, സർക്കുലർ തനിക്ക് ലഭിച്ചിട്ടില്ലെന്നും സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പഞ്ചായത്തുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. ന്യൂനപക്ഷ സമൂഹം ഈ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ രണ്ടു ശതമാനം പോലും വരുന്നില്ലെന്നും നല്ല നിലയിൽ ജീവിച്ചുപോരുന്ന സമൂഹത്തിനിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സർക്കുലറിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂഹിലെ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സർക്കുലർ പുറത്തിറക്കിയതെന്ന് മഹേന്ദർഗഡിലെ സെയ്ദ്പൂർ സർപഞ്ച് വികാസ് പറയുന്നു. 'എല്ലാ നിർഭാഗ്യകരമായ സംഭവങ്ങളും ഉണ്ടായത് പുറത്തുനിന്നുള്ളവർ ഞങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ തുടങ്ങിയതിന് ശേഷമാണ്. നൂഹ് സംഘർഷങ്ങൾക്ക് പിന്നാലെ ചേർന്ന പഞ്ചായത്തിൽ സമാധാനം നിലനിർത്താൻ അവരെ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.' വികാസ് പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് കത്ത് പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.