നിസാമുദ്ദീൻ മർകസിൽ 50 പേർക്ക് നമസ്കാരത്തിന് അനുമതി; കേന്ദ്ര നിലപാട് ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: നിസാമുദ്ദീൻ മർകസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും അഞ്ചു നേരം നമസ്കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡൽഹി ഹൈകോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർകസിൽ ഇപ്പോൾ അനുവദിച്ചുവരുന്ന അഞ്ചിൽ കൂടുതൽ പേരെ കടത്തിവിടാൻ പറ്റില്ലെന്ന കേന്ദ്രസർക്കാറിെൻറയും ഡൽഹി പൊലീസിെൻറയും വാദം തള്ളിയാണ് ഉത്തരവ്.
ആരാധനാലയങ്ങൾ അടച്ചിടണമെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ ഇല്ല. മറ്റ് ആരാധനാലയങ്ങളിൽ ഒത്തുചേരലുകൾ നടക്കുന്നുണ്ട്. എന്നിരിക്കെ, നിസാമുദ്ദീൻ മർകസിെൻറ കാര്യത്തിലുള്ള സർക്കാർ നിലപാടിൽ വ്യക്തതയില്ല, കോടതി ചൂണ്ടിക്കാട്ടി.
പള്ളിയുടെ ഒന്നാം നിലയിൽ മാത്രമാണ് പ്രാർഥനക്ക് അനുമതി. കൂടുതൽ പേരെ അനുവദിക്കണമെന്ന് ഡൽഹി വഖഫ് ബോർഡ് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേകമായ അപേക്ഷ നൽകാൻ ജസ്റ്റിസ് മുക്ത ഗുപ്ത നിർദേശിച്ചു. അപേക്ഷ പരിശോധിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി നിയമാനുസൃതം തീരുമാനമെടുക്കാൻ പൊലീസിനോടും കോടതി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഇറക്കുന്ന വിജ്ഞാപനങ്ങൾക്ക് വിധേയമായിരിക്കും പള്ളിയിലേക്കുള്ള പ്രവേശന അനുമതിയെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സാമൂഹിക അകലം സംബന്ധിച്ച കോവിഡ്കാല മാർഗനിർദേശങ്ങൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.