ഫിറോസാബാദിൽ 20 ദിവസത്തിനിടെ 50 പേർക്ക് വായിൽ കാൻസർ സ്ഥിരീകരിച്ചു
text_fieldsഫിറോസാബാദ്: യു.പിയിൽ 20 ദിവസത്തിനിടെ നിരവധി പേർക്ക് ഓറൽ കാൻസർ (വായിലെ കാൻസർ) സ്ഥിരീകരിച്ചതായി അധികൃതർ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഔട്ട് പേഷ്യന്‍റ് വിഭാഗം സംഘടിപ്പിച്ച പരിശോധനയിലാണ് പ്രാഥമിക ലക്ഷണങ്ങളോടെ 50 കാൻസർ കേസുകൾ സ്ഥിരീകരിച്ചത്.
30 മുതൽ 50 വയസ് വരെ പ്രായമുള്ളവരാണ് രോഗബാധിതരിൽ ഭൂരിഭാഗവും. എല്ലാവരും പുകയിലക്ക് അടിമപ്പെട്ടവരാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഫെബ്രുവരി 4നാണ് ഒ.പി വിഭാഗം കാൻസർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി 24വരെയുള്ള കണക്കുകൾ പ്രകാരം 50 പേർക്ക് കാൻസർ പരിശോധന ഫലം പോസിറ്റീവായതായി ദന്തവിഭാഗം മേധാവി കിരൺ സിങ് പറഞ്ഞു. രോഗികൾക്ക് രോഗത്തെ സംബന്ധിച്ച അറിവില്ലായിരുന്നുവെന്നും പുകയിലയുടെ അമിത ഉപയോഗമാണ് ഭൂരിഭാഗം രോഗബാധിതരിലും രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതരെല്ലാവരും കാൻസറിന്‍റെ ഒന്നാം ഘട്ടത്തിലാണെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായിലോ തൊണ്ടയിലോ ഉണ്ടാകുന്ന കാൻസറാണ് ഓറൽ കാൻസർ അഥവാ വായിലെ കാൻസർ. അതിവേഗം പടരുന്ന രോഗമാണിത്. ചുണ്ടുകൾ, അന്നനാളം, ശ്വാസകോശം, തുടങ്ങിയ ഭാഗങ്ങളെയാണ് ഓറൽ കാൻസർ ബാധിക്കുക. വായ വേദന, ഭക്ഷണ പദാർത്ഥങ്ങൾ ചവക്കാനുള്ള ബുദ്ധിമുട്ട്, വായിലോ ചുണ്ടിലോ വിട്ടുമാറാത്ത വ്രണങ്ങൾ, ചെവി വേദന, വായ്ക്കകത്ത് വെള്ളയോ ചുവപ്പോ കലർന്ന അടയാളങ്ങൾ എന്നിവയാണ് മൗത്ത് കാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ. സിഗററ്റ്, ബീഡി, മൂക്കുപൊടി എന്നിവയുൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗം മൂലമാണ് വായിലെ കാൻസർ രൂപപ്പെടുക.
അമിതമായ മദ്യപാനം, ചുണ്ടുകളിൽ അമിതമായി സൂര്യ പ്രകാശം ഏൽക്കുക, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) , ദുർബലമായ പ്രതിരോധ ശേഷി എന്നിവയും രോഗബാധക്ക് കാരണമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.