തിരിഞ്ഞുകൊത്തി സ്മൃതി ഇറാനിയുടെ ട്വീറ്റ്: 'എൽ.പി.ജിക്ക് 50 രൂപ കൂട്ടി... എന്നിട്ട് സ്വയം വിളിക്കുന്നത് സാധാരണക്കാരുടെ സർക്കാർ എന്ന്.. എന്തൊരു നാണക്കേട്!''
text_fieldsന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയതിന് പിന്നാലെ ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടിയ കേന്ദ്ര സർക്കാറിനെ തിരിഞ്ഞുകൊത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ്. 'എൽ.പി.ജിക്ക് 50 രൂപ കൂട്ടി... എന്നിട്ട് അവർ സ്വയം അവരെ വിളിക്കുന്നത് സാധാരണക്കാരുടെ സർക്കാർ എന്ന്.. എന്തൊരു നാണക്കേട്!'' എന്നാണ് സ്മൃതി ട്വീറ്റ് ചെയ്തിരിക്കുന്നത്. യു.പി.എ സർക്കാർ 50 രൂപ കുട്ടിയപ്പോഴായിരുന്നു ഈ ട്വീറ്റ്.
2011ലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന് മൻമോഹൻ സിംഗ് സർക്കാർ 50 രൂപ വർധിപ്പിച്ചത്. അതിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇറാനി കടുത്ത വിമർശനം ഉന്നയിക്കുകയും പരസ്യമായി സമരരംഗത്തിറങ്ങുകയും ചെയ്തു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി ഭാരത് ബന്ദും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ന് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറിന് 103 രൂപയുമാണ് ബി.ജെ.പി സർക്കാർ കൂട്ടിയത്. ഇതോടെ 14.2 കിലോയുള്ള ഗാർഹിക സിലിണ്ടറിന് 1,006.50 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വർധിപ്പിച്ചത്.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 400 രൂപയായിരുന്നു. എന്നാൽ, സ്മൃതി ഇറാനി കൂടി ഭാഗമായ മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതിനുശേഷം സബ്‌സിഡി ക്രമേണ അവസാനിപ്പിച്ചു. വില 150 ശതമാനം വർധിപ്പിച്ച് 1000 രൂപ കടക്കുകയും ചെയ്തു. എന്നാൽ, അടിക്കടി വിലകൂട്ടുമ്പോഴും ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല എന്നതാണ് കേന്ദ്രത്തിന് ആശ്വാസമേകുന്ന കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.