Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.ജി കാർ മെഡിക്കൽ...

ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി

text_fields
bookmark_border
ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൂനിയർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 50 സീനിയർ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചു. ആഗസ്റ്റ് 9ന് ആർ.ജി കാർ ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ബംഗാളിലെ പൊതുജനാരോഗ്യ സംവിധാനം ശുദ്ധീകരിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുന്നത്. നഗരഹൃദയത്തിലെ പ്രതിഷേധ സ്ഥലത്ത് ഏഴ് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തിവരുന്നതിനിടയിലാണ് അവരോട് ഐക്യപ്പെട്ട് മുതിർന്ന ഡോക്ടർമാരുടെ രാജി

കേസിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സിവിൽ വളണ്ടിയർ സഞ്ജയ് റോയിയെ ഏക പ്രധാന പ്രതിയാക്കി സി.ബി.ഐ തയാറാക്കിയ കുറ്റപത്രവും വൻ രോഷത്തിനിടയാക്കി. തിങ്കളാഴ്ച മുതൽ സമരത്തിനുള്ള പിന്തുണയിൽ ഗണ്യമായ വർധനവുണ്ടായി. നിരവധി മുതിർന്ന ഡോക്ടർമാർ 24 മണിക്കൂർ നിരാഹാര സമരത്തിൽ പങ്കെടുത്തു. സമരസ്ഥലത്ത് സാധാരണക്കാരുടെ വൻ തിരക്കും അനുഭവപ്പെട്ടു. അടുത്തുള്ള ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പം സമരത്തിൽ ഭാഗഭാക്കായി.

പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പൊതുജനങ്ങളിൽ രബീന്ദ്ര ഭാരതി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രഫസറായ ദേബബ്രത ദാസും ഉൾപ്പെടുന്നു. 9 വയസ്സുള്ള ത​ന്‍റെ മകളെയും കൊണ്ടാണ് അദ്ദേഹം വന്നത്. നീതിയുടെയും പോരാട്ടത്തി​ന്‍റെയും അർത്ഥം കാണിച്ചുകൊടുക്കാനാണ് ഞാനിന്ന് മകളുമായി ഇവിടെ വന്നതെന്ന് ദാസ് പറഞ്ഞു. ‘നമ്മുടെ എല്ലാവരുടെയും പുരോഗതി മുൻനിർത്തി ഈ ഡോക്ടർമാർ നീതിക്കുവേണ്ടി പോരാടുകയാണ്. നീതി ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് എ​ന്‍റെ മകൾ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ജയ്‌നഗർ സംഭവം ഒരു 9 വയസ്സുകാരിക്കു സംഭവിച്ചതാണ്. എനിക്ക് ​എന്‍റെ മകളുടെ കാര്യത്തിൽ ഭയമുണ്ടെന്നും ദാസ് പറഞ്ഞു.

സമരസ്ഥലത്ത് ദിവസങ്ങളോളം നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാർ ക്ഷീണിതരായി കാണപ്പെട്ടു. ചിലർ ഇതിനകം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നതായി അവരുടെ സഹപ്രവർത്തകർ പറഞ്ഞു. ‘ഞാൻ എല്ലാ ദിവസവും രാവിലെ 9 മണിക്ക് പ്രതിഷേധ സ്ഥലത്ത് എത്തും. രാത്രി 9 മുതൽ രാത്രി 10 വരെ തങ്ങും. എ​ന്‍റെ സഹപ്രവർത്തകരെ പിന്തുണക്കാൻ ആ സമയങ്ങളിൽ ഞാനും ഉപവസിക്കുന്നു’- മിഡ്‌നാപൂർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറായ സോഹം പോൾ പറഞ്ഞു.

‘ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ല. നടപടികൾ വളരെ മന്ദഗതിയിലാണ്. സർക്കാറിന് വേണമെങ്കിൽ ആവശ്യങ്ങൾ വളരെ എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയും. ഇതിനകത്തെ അഴിമതിയും ഞങ്ങൾ നേരിടുന്ന ഭീഷണിയും അവർക്കറിയാമെങ്കിലും ഞങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന്’ സോഹം പറഞ്ഞു. ‘സഞ്ജയ് റോയ് ആണോ കുറ്റക്കാരൻ? ഒരു സിവിക് വളണ്ടിയർ മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ, പൊലീസ് കമീഷണർ മുതൽ പ്രിൻസിപ്പൽ വരെ തെളിവുകൾ നശിപ്പിക്കാൻ സജീവമായി ഇറങ്ങിയെങ്കിൽ എത്രത്തോളം സ്വാധീനമുള്ളയാളാണ് യഥാർഥ പ്രതിയെന്ന് മനസ്സിലാക്കുക? തീർച്ചയായും ഇതിൽ വലിയ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സോഹം പറഞ്ഞു.

സർക്കാർ ഒന്നും ചെയ്യില്ലെന്ന് തങ്ങൾക്കറിയാമായിരുന്നുവെന്ന് എസ്.എസ്‌.കെ.എം ഹോസ്പിറ്റലിൽ ഇന്‍റേണായ ഡോ.ആബിദ് ഹസ്സൻ പ്രതികരിച്ചു. ‘തെളിവുകൾ മറച്ചുവെക്കുന്നതിലും കൃത്രിമം കാണിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ഒരു സർക്കാറിൽനിന്ന് ഞങ്ങൾക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. സംസ്ഥാനത്തി​ന്‍റെ സ്വാധീനത്തിന് പുറത്ത് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ സി.ബി.ഐയുടെ റെക്കോർഡ് ഇതിലും മോശമാണ്. അവരിൽ നിന്നും നീതി പ്രതീക്ഷിക്കാനാവില്ല. അവരുടെ അഭിപ്രായത്തിൽ സഞ്ജയ് റോയ് മാത്രമാണ് പ്രതി. അയാൾക്ക് മുകളിൽ ഇരുന്നയാളെ മറച്ചുവെക്കുകയാണ്’ -ഹസൻ പറഞ്ഞു. വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ ക്രൂര സംഭവത്തിൽ സുപ്രീംകോടതിയിലെ സോളിസിറ്റർ ജനറൽ പോലും തങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നില്ലെന്നും ഡോക്ടർ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikejunior doctors protestRG Kar Medical Collegejunior doctors murder
News Summary - 50 senior doctors of RG Kar Medical College and Hospital resign, support grows at junior doctors’ protest site
Next Story