പ്രതിഷേധച്ചൂട്; ജാമിയയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർഥികളെയും വിട്ടയച്ചതായി പൊലീസ്. 50ഓളം വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ തിങ്കളാഴ്ച പുലർച്ചയോടെയാണ് മോചിപ്പിച്ചത്. ഇവരിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്കുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വിദ്യാർഥികളെ വിട്ടയക്കാൻ പൊലീസ് തയാറായത്.
കൽക്കാജി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരെയും ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന 15 പേരെയുമാണ് വിട്ടയച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സക്കായി വിട്ടയക്കണമെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികളെ വിട്ടയച്ചതോടെ, ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജെ.എൻ.യു വിദ്യാർഥികളുടെയും മറ്റ് യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ഒമ്പത് മണിക്കൂർ നീണ്ട ഉപരോധത്തിന് ശേഷമാണ് രാവിലെയോടെ സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.