മുസ്ലിംകളാണെന്ന കാരണത്താൽ 50,000 വോട്ടുകൾ വെട്ടിമാറ്റി
text_fieldsന്യൂഡൽഹി: മുസ്ലിംകളാണെന്ന കാരണത്താൽ മാത്രം 50,000 വോട്ടുകൾ ഉത്തർപ്രദേശിലെ മുറാദാബാദിൽനിന്ന് മാത്രം വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷനാണ് രാജ്യത്തിന്റേതെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആരോപിച്ചു. മുതിർന്ന എസ്.പി നേതാവും രാജ്യസഭാ കക്ഷി നേതാവും അന്തരിച്ച മുലായം സിങ് യാദവിന്റെ സഹോദരനുമായ രാംഗോപാൽ യാദവാണ് തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിനും നിയന്ത്രണത്തിനുമുള്ള ബില്ലിന്മേലുള്ള ചർച്ചയിൽ കമീഷനെതിരെ അതിഗുരുതര ആരോപണം ഉന്നയിച്ചത്.
പേര് നോക്കി മുസ്ലിമാണെന്നു കണ്ട് 50,000 വോട്ടുകൾ മുറാദാബിൽനിന്ന് വെട്ടിമാറ്റി. ഇതിനെതിരെ പരാതിയുമായി കമീഷന് മുന്നിൽ താൻ ചെന്നു. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. പൊലീസ് ജനങ്ങളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ അടിച്ചോടിക്കുന്നതും നോക്കി നിൽക്കുന്ന തെരഞ്ഞെടുപ്പ് കമീഷനാണ് നമ്മുടേതെന്ന് രാം ഗോപാൽ യാദവ് വിമർശിച്ചു. അതേക്കുറിച്ചും പരാതിപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ ആരുടെ പരാതിയും കേട്ടില്ലെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിപൂർവകവുമാകുമെന്ന് യാദവ് ചോദിച്ചു.
പ്രതിപക്ഷനേതാക്കളുടെ പിഴവുകൾ മാത്രം കുറ്റകരമാക്കി കാണുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തിയ കമീഷനാണ് നമുക്കുള്ളതെന്ന് എൻ.സി.പി നേതാവ് വന്ദന ചവാൻ കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരെയും മറ്റു തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്നത് ബിൽ അല്ല ബുൾഡോസർ ആണെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച ജമ്മു-കശ്മീർ ബിൽ ചർച്ചക്കെടുത്തപ്പോൾ സുപ്രീംകോടതി വിധിക്കെതിരെ സംസാരിക്കുന്നത് വിലക്കിയ രാജ്യസഭയിലാണ് സുപ്രീംകോടതി വിധിക്കെതിരെ ബിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ജനതാദൾ-യു നേതാവ് രാംനാഥ് ഠാകുർ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശം പാലിക്കാത്ത ബിൽ പിൻവലിക്കണമെന്ന് ഠാകുർ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ ചൈതന്യം ഉൾക്കൊണ്ട് കമീഷനെ നിഷ്പക്ഷവും നീതിപൂർവകവുമാക്കാൻ നടപടിയെടുക്കുന്നതിന് പകരം 2:1 അനുപാതം പക്ഷപാതപരമാക്കുകയാണ് ചെയ്തതെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി വിമർശിച്ചു. സെലക്ഷൻ കമ്മിറ്റിയിലെ രണ്ടു പേരെയും ഭരണപക്ഷത്തുനിന്നാക്കി ഭൂരിപക്ഷ തീരുമാനം അടിച്ചേൽപിച്ചാൽ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം തകരുമെന്ന് അസമിൽനിന്നുള്ള അജിത് കുമാർ ഭുയാൻ വിമർശിച്ചു.
ഷാബാനു കേസിൽ സുപ്രീംകോടതി വിധി മറികടന്നവരാണ് തെരഞ്ഞെടുപ്പ് കമീഷൻ വിധി മറികടക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നതെന്ന് ബി.ജെ.പി നേതാവ് ഡോ. കെ. ലക്ഷ്മൺ കേന്ദ്ര സർക്കാർ നിലപാടിനെ ന്യായീകരിച്ചു. 2009ൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ നവീൻ ചാവ്ലയെ നീക്കം ചെയ്യാൻ പറഞ്ഞു. എന്നാൽ, യു.പി എ സർക്കാർ ആ ആവശ്യം തള്ളിയെന്നും ലക്ഷ്മൺ ആരോപിച്ചു. നവീൻ ചാവ്ലയെയും എം.എസ്. ഗില്ലിനെയും എങ്ങനെയാണ് യു.പി.എ സർക്കാർ തെരഞ്ഞെടുപ്പ് കമീഷണർമാരാക്കിയതെന്ന് ചോദിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ സിങ് മേഘ്വാൾ അവരുടെ ആദർശമെന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.