509 പാകിസ്താനികൾ ഇന്ത്യ വിട്ടു, 745 ഇന്ത്യക്കാർ തിരിച്ചെത്തി- ഇന്ത്യ വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
text_fieldsന്യൂഡൽഹി: അട്ടാരി-വാഗ അതിർത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 509 പാകിസ്താൻ പൗരന്മാർ ഇന്ത്യ വിട്ടു. 12 വിഭാഗങ്ങളിലുള്ള ഹ്രസ്വകാല വിസ ഉടമകൾക്കുള്ള എക്സിറ്റ് സമയപരിധി ഇന്ന് അവസാനിക്കുന്നതിനെത്തുടർന്നാണ് ഇത്. അതേസമയം പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 745 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്നും തിരിച്ചെത്തി.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ ആണ് ഇതിനു പിന്നിലെന്നു ആരോപിച്ചാണ് പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള നോട്ടീസ് ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചത്. സാർക് വിസ കൈവശം വെച്ചിരിക്കുന്നവർക്കുള്ള സമയപരിധി ഏപ്രിൽ 26 വരെയും മെഡിക്കൽ വിസ കൈവശം വെച്ചിരിക്കുന്നവർക്കുള്ള സമയപരിധി ഏപ്രിൽ 29 വരെയുമാണ്. ദീർഘകാല വിസ ഉള്ളവരും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹ്രസ്വകാല വിസയുള്ള പാകിസ്താനികൾ ഉള്ളത് മഹാരാഷ്ട്രയിലാണെന്നാണ് വിവരം. ഇതിൽ 107 പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിസ ഓൺ അറൈവൽ, ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടകൻ എന്നീ 12 വിഭാഗത്തിലുള്ള വിസയുള്ളവരാണ് ഞായറാഴ്ചയ്ക്കകം ഇന്ത്യ വിടേണ്ടത്. രാജ്യം വിടാനുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്താനിയും ഇന്ത്യയിൽ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.