മുംബൈയിൽ 1-18ന് ഇടയിലുള്ള പകുതിയിലേറെ കുട്ടികൾക്കും കോവിഡ് ബാധിച്ചെന്ന് സർവെഫലം
text_fieldsമുംബൈ: 1-18ന് ഇടയിലുള്ള 51 ശതമാനം പേർക്കും മുംബൈയിൽ കോവിഡ് വൈറസ് ആന്‍റിബോഡി ശരീരത്തിലുള്ളതായി സർവെ. ഈ പ്രായക്കാരിൽ പകുതിയിലേറെ പേർക്കും കോവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നാണ് ബ്രിഹാൻ മുംബൈ കോർപറേഷൻ നടത്തിയ സെറോളജിക്കൽ സർവേ ഫലം ചൂണിക്കാട്ടുന്നത്.
1-18 വയസ് പ്രായമുള്ള കുട്ടികളിൽ 51.8 ശതമാനം പേരിലും പ്രതിരോധ ശേഷി കണ്ടെത്തിയെന്ന് മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനർഥം രണ്ടാം തരംഗത്തിൽ തന്നെ നിരവധി കുട്ടികൾ രോഗബാധക്ക് വിധേയരായി എന്നാണെന്ന് ബി.എം.സി ഉദ്യോഗസ്ഥൻ പറഞ്ഞു.
കോവിഡ് മൂന്നാംതരംഗം കുട്ടികളെയാണ് സാരമായി ബാധിക്കുക എന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബി.എം.സി സർവെ നടത്തിയത്. ബി.വൈ.എൽ നായർ ആശുപത്രിയും കസ്തൂർബ മോളിക്യുലാർ ലബോറട്ടറിയും സംയുക്തമായാണ് ഏപ്രിൽ ഒന്നുമുതൽ ജൂൺ 15 വരെ സർവെ നടത്തിയത്.
മുംബൈയിലെ 24 വാർഡുകളിൽ നിന്നായി 2176 രക്തസാമ്പിളുകൾ ശേഖരിച്ച് വിവിധ മെഡിക്കൽ ലബോറട്ടി പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. സർക്കാർ-സ്വകാര്യ ലാബുകൾ സാമ്പിളുകൾ ശേഖരിച്ച് കസ്തൂർബ മോളിക്യുലാർ ലബോറട്ടറിയിലേക്ക് കൊടുത്തയക്കുകയായിരുന്നു.
സെറോളജിക്കൽ സർവേയിലൂടെ എത്രപേരുടെ ശരീരത്തിൽ ആന്‍റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട് എന്ന് ഏകദേശം കണക്കാക്കാം.
ഡൽഹി, ഗോരഖ്പുർ, അഗർത്തല, ഭുനേശവർ എന്നീ സ്ഥലങ്ങളിൽ നടന്ന പഠനത്തിന് സമാനമാണ് മുംബൈയിൽ നടന്ന സർവേ ഫലവും സൂചിപ്പിക്കുന്നത്. ഇവിടങ്ങളിൽ 2-17 വയസ് പ്രായമുള്ള കുട്ടികളിൽ നടന്ന പഠനത്തിൽ 55.7 ശതമാനം കുട്ടികളിലും ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.