മാനസികസമ്മർദം: മുംബൈ അടൽസേതു പാലത്തിൽ നിന്ന് ചാടി വ്യവസായി ജീവനൊടുക്കി
text_fieldsമുംബൈ: മാനസിക സമ്മർദം മൂലം വ്യവസായി അടൽ സേതു പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 52കാരനാണ് ബുധനാഴ്ച പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. മാതുങ്ക സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് മരിച്ചത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ ഏതാനം മാസങ്ങളായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ഒരാൾ വാഹനം നിർത്തി പാലത്തിൽ നിന്നും താഴേക്ക് ചാടിയെന്ന വിവരം ലഭിച്ചതെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ അൻജും ഭഗവാൻ പറഞ്ഞു. ഉടൻ തന്നെ പൊലീസ് രക്ഷാസംഘം ഫിലിപ്പ് ഹിതേഷിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിലുണ്ടായിരുന്ന ആധാർ കാർഡ് വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫിലിപ്പ് ഹിതേഷ് ഷാ മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നും ഭാര്യ പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് ഹിതേഷ് വീട് വിട്ട് ഇറങ്ങിയതെന്നും ഇയാളുടെ ഭാര്യ വ്യക്തമാക്കി.
രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആത്മഹത്യയാണ് അടൽസേതു പാലത്തിൽ നിന്നും ഉണ്ടാവുന്നത്. ദിവസങ്ങൾക്ക് മുമ്പ് 40കാരനായ ബാങ്ക് ജീവനക്കാരൻ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. ഡെപ്യൂട്ടി മാനേജറായ സുശാന്ത് ചക്രവർത്തിയാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ചക്രവർത്തി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.