രാജ്യത്ത്18 വയസിന് മുകളിലുള്ള 54% പേർക്ക് ഒരു ഡോസ് വാക്സിൻ നൽകി, 16% പേർക്ക് രണ്ടു ഡോസും -കേന്ദ്ര ആരോഗ്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ 54 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ. 16 ശതമാനം േപർക്ക് രണ്ടു ഡോസ് വാക്സിനും നൽകി. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 67 കോടി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
സിക്കിം, ദാദ്ര നഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രായപൂർത്തിയായ എല്ലാവർക്കും ഒരു ഡോസ് വാക്സിൻ നൽകി. രാജ്യത്ത് ആഗസ്റ്റിൽ 18.38 കോടി വാക്സിൻ വിതരണം ചെയ്തു. പ്രതിദിനം 59.29 ലക്ഷം ഡോസുകൾ വീതമായിരുന്നു വിതരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 80.27ലക്ഷം പേർക്ക് പ്രതിദിനം വാക്സിൻ നൽകി വരുന്നു. ആരോഗ്യപ്രവർത്തകരുടെയും സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പൂർണ സഹകരണത്തോടെയാണ് വാക്സിനേഷൻ യജ്ഞം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 27നും 31നും ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തിൽ വാക്സിൻ വിതരണം ഉയർന്നതായും ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.
മേയിൽ 16.69 ലക്ഷം, ജൂണിൽ 39.89ലക്ഷം ജൂലൈയിൽ 43.41ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. സിക്കിമിൽ 36 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകി. ദാദ്ര നഗർ ഹവേലിയിൽ 18 ശതമാനം പേർക്കും ഹിമാചൽ പ്രദേശിൽ 32 ശതമാനം പേർക്കുമാണ് രണ്ടു ഡോസ് വാക്സിൻ നൽകിയത്.
ത്രിപുര, ലഡാക്, ദാമൻ ദിയു, ലക്ഷദ്വീപ്, മിസോറാം എന്നിവിടങ്ങളിൽ 85 ശതമാനംപേർക്ക് ഒരു ഡോസ് വാക്സിൻ നൽകി. ആരോഗ്യ പ്രവർത്തകരിൽ 99 ശതമാനം പേർ ഒന്നാം ഡോസും 84 ശതമാനംപേർ രണ്ടു ഡോസും വാക്സിൻ സ്വീകരിച്ചതായും ഭൂഷൺ പറഞ്ഞു.
സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരികയാണെന്നും കേരളത്തെയാണ് ഈ ഘട്ടത്തിൽ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.