ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകം; മൂന്നുദിവസത്തിനിടെ പിടികൂടിയത് 5.5 കിലോ സ്വർണം
text_fieldsചെന്നൈ: െചന്നൈ വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.53 കോടിയുടെ 5.5കിലോ സ്വർണവും 24 ലക്ഷത്തിന്‍റെ വിദേശ കറൻസിയും പിടിച്ചെടുത്തു. വിവിധ യാത്രക്കാരിൽനിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെൈന്ന കസ്റ്റംസ് പറഞ്ഞു.
രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബർ അലിയുടെയും സുബൈർ ഹസൻ റഫിയുദീന്‍റെയും തലയിലെ വിഗ്ഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വർണം. ദുബൈയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയവരാണ് അവർ. വിഗ്ഗിന് അകത്ത് കുഴമ്പുരൂപത്തിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
തിരുച്ചിറപ്പള്ളി സ്വദേശിയായ ബാലു ഗണേഷനാണ് പിടിയിലായ മറ്റൊരാൾ. ഇയാളുടെ മലാശയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വർണം. മഖ്റൂബും സുബൈറും ബാലു ഗണേഷനും ഒരേ വിമാനത്തിലാണ് ചെന്നൈയിലെത്തിയത്.
24കാരനായ അൻപഴകനും തമീൻ അൻസാരിയുമാണ് ശനിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേർ. 1.5 കിലോ വരുന്ന നാലു പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം അൻപഴകന്‍റെ സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തിച്ച 62 ലക്ഷം രൂപ വിലവരുന്ന 1.33 കിലോഗ്രാം സ്വർണം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് തമീൻ പിടിയിലാകുന്നതെന്നും അധികൃതർ അറിയിച്ചു.
ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിൽ സീറ്റിനടയിൽ തുണിസഞ്ചിയിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെടുത്തു. 43.30ലക്ഷം രൂപ വരുന്ന 933ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
സെയ്ദ് അഹമ്മദുള്ള, സന്തോഷ് സെൽവം, അബ്ദുള്ള എന്നിവരാണ് ശനിയാഴ്ച പിടിയിലായവർ. തലയിലെ വിഗ്ഗിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വിഗ്ഗിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുക്കുകയായിരുന്നു. ദുബൈ ഷാർജ വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിയവരാണ് ഇവർ. മൂന്നുപേരിൽനിന്നായി 96.57 ലക്ഷം വില വരുന്ന 2.08കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.
ഷാർജ വിമാനത്തിൽ ചെന്നൈയിലെത്തിയ നാലുയാത്രക്കാരെ വിദേശ കറൻസി കടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. വിഗ്ഗിനുളളിൽ ഒളിപ്പിച്ച നിലയിലയിലായിരുന്നു കറൻസി. 24.06 ലക്ഷം രൂപയുടെ കറൻസിയാണ് പടികൂടിയതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.