56 ഇഞ്ചിന്റെ ഭീരുത്വം... അറസ്റ്റിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫിസെന്ന് ജിഗ്നേഷ് മേവാനി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേര് കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയാണ് തനിക്കെതിരായ കേസെന്ന് ഗുജറാത്ത് സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനി. തനിക്കെതിരായ നടപടിയിൽ അസം സർക്കാറിനെയും ബി.ജെ.പിയെയും പൊലീസിനെയും വിമർശിച്ചായിരുന്നു മേവാനിയുടെ വാർത്താ സമ്മേളനം.
'എന്നെ തകർക്കാൻ മുൻകൂട്ടി നടത്തിയ ഒരു ഗൂഢാലോചനയാണ്. '56 ഇഞ്ചിന്റെ ഭീരുത്വം' എനിക്കെതിരെ എഫ്.ആർ.ആർ രജിസ്റ്റർ ചെയ്യാൻ ഒരു സ്ത്രീയെ ഉപയോഗപ്പെടുത്തി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രധാനമന്ത്രിയുടെ ഓഫിസ് തയാറാക്കിയ ഗൂഢാലോചനയാണിത്' -മേവാനി പറഞ്ഞു.
വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഗുജറാത്തിൽ ജൂൺ ഒന്നിന് ബന്ദ് സംഘടിപ്പിക്കും. 22 പരീക്ഷ പേപ്പറുകൾ ചോർന്നു, അതിൽ ഒരു അറസ്റ്റ് പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലെ മുദ്ര തുറമുഖത്തുനിന്ന് 1,75,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിലും അറസ്റ്റില്ല. ഉനയിലെ ദലിതർക്കും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കുമെതിരായ എല്ലാ കേസുകളും പിൻവലിക്കാനും സമ്മർദ്ദം ചെലുത്തും -മേവാനി പറഞ്ഞു.
അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ ലജ്ജിക്കണം. ഏപ്രിൽ 19നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസ് അന്നേദിവസം എന്നെ അറസ്റ്റ് ചെയ്യാനായി 2500 കിലോമീറ്റർ സഞ്ചരിച്ചു. എന്നെ തകർക്കാൻ മുൻകൂട്ടി നടത്തിയ ഗൂഢാലോചനയായിരുന്നു അത് -മേവാനി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വീറ്റിലൂടെ വിമർശിച്ചതിനായിരുന്നു ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്. അസമിലെ ബി.ജെ.പി നേതാവിന്റെ പരാതിയിലായിരുന്നു നടപടി. ഏപ്രിൽ 25ന് മേവാനിക്ക് ജാമ്യം അനുവദിച്ചു. എന്നാൽ പൊലീസുകാരി നൽകിയ പരാതിയെ തുടർന്ന് ഉടൻതന്നെ മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതി മേവാനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച ഇദ്ദേഹം ജയിൽ മോചിതനായി. സ്വതന്ത്ര എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട മേവാനി 2019 സെപ്റ്റംബറിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.