ഹാലസ്വാമി മഹാസ്ഥാന മഠത്തിൽനിന്ന് 56 ലക്ഷം പിടിച്ചെടുത്തു
text_fieldsമംഗളൂരു: ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ച് പൊലീസ് വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നിന്ന് 56 ലക്ഷം രൂപ പിടിച്ചെടുത്തു. ഒഡീഷയിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമിക്ക് കൈമാറാൻ ബാഗിൽ നോട്ടുകെട്ടുകളായി നിറച്ച് മഠത്തിൽ ഏല്പിച്ച പണമാണിത്.
മൈസൂരുവിൽ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തിയ പ്രണവ് പ്രസാദ് എന്നയാൾ ക്രൈം ബ്രാഞ്ച് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ അഹദിന് അയച്ച കത്ത് പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രണവ് ബുധനാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോയിൽ അഭിനവ സ്വാമിക്കുള്ള 56 ലക്ഷം രൂപ മഠത്തിൽ ഏല്പിച്ചതായി അവകാശപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച അഭിനവ സ്വാമിയുടെ ഡ്രൈവർ രാജു തന്റെ മൈസൂരുവിലെ ഓഫീസിൽ എത്തി 60 ലക്ഷം രൂപ അടങ്ങിയ ബാഗ് കൈമാറുകയും അതിൽ നിന്ന് വക്കീൽ ഫീസ് നൽകാൻ എന്ന് പറഞ്ഞ് നാലു ലക്ഷം എടുക്കുകയും ചെയ്തതായാണ് പ്രണവ് പൊലീസിനോട് പറഞ്ഞത്. പലതവണ ഓർമപ്പെടുത്തിയിട്ടും ആരും പണം കൈപ്പറ്റാൻ വന്നില്ലെന്നും അവകാശപ്പെട്ടു. ഈ പണത്തിന്റെ മറ്റു കാര്യങ്ങൾ തനിക്ക് അറിയില്ല. മഠം ആശ്രമത്തിലുള്ള പിതാവിനെ സന്ദർശിക്കുമ്പോൾ അവിടെ ഏല്പിച്ചു. വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം മഠം പരിശോധിച്ചാണ് പണം പിടിച്ചെടുത്തത്.
അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്ന് ബൈന്തൂർ സീറ്റ് മോഹിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നു. ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്ന് സ്വാമി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
വഞ്ചന കേസിലെ മുഖ്യ പ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയേയും മറ്റു കൂട്ടാളികളേയും ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുകയാണ്. ഈ മാസം 12ന് രാത്രി ഉഡുപ്പി ജില്ലയിലെ പ്രസിദ്ധമായ കൃഷ്ണ മഠം പരിസരത്ത് നിന്ന് ചൈത്രയെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവിൽ പോയ അഭിനവ സ്വാമിയെ ഒഡീഷയിലെ ട്രെയിൻ യാത്രക്കിടെയാണ് കർണാടക ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. കോടതി ഇയാളെ ഈ മാസം 29 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ ക്രൈം ബ്രാഞ്ച് പൊലീസിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.